തലശ്ശേരി കോടതി സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsതലശ്ശേരി കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
സംസാരിക്കുന്നു
തലശ്ശേരി: അറബിക്കടലിന് അഭിമുഖമായി ദേശീയ പാതയോരത്ത് നിർമിച്ച ജില്ല കോടതിയുടെ പുതിയ എട്ടുനില കെട്ടിട സമുച്ചയം ഉത്സവാന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ മുതൽ പ്രവർത്തനസജ്ജമായി. തിങ്ങിനിറഞ്ഞ ജനങ്ങളെയും നീതിന്യായ വകുപ്പുമായി പ്രവർത്തിക്കുന്നവരെയും സാക്ഷികളാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു.
നിലവിലുള്ള 14 കോടതികളിൽ 10 കോടതികളാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്. കോടതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യാതിഥിയായ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് നിധിന് ജാംദാർ നിര്‍വഹിച്ചു. അഡ്വ. എം.കെ. ദാമോദരന്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന് ഹാളിന്റെയും അഡ്വ. എം.കെ. ഗോവിന്ദന് നമ്പ്യാര്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന് ലൈബ്രറിയുടെയും ഉദ്ഘാടനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍വഹിച്ചു.
ഐ.ടി ട്രെയിനിങ് ഹാള്‍ ഉദ്ഘാടനം ജസ്റ്റിസ് ടി.ആര്. രവി നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഓഫിസ് ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഹൈകോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍വഹിച്ചു. കോടതി മ്യൂസിയം ഉദ്ഘാടനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍വഹിച്ചു. ഷാഫി പറമ്പില്‍ എം.പി, ജില്ല ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി. കരുണാകരന്, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.എ. സജീവന്, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ. അജിത്ത് കുമാര്‍, ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ജി.പി. ഗോപാല കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെട്ടിട നിർമാണം നിർവഹിച്ച നിർമാൺ കൺസ്ട്രക്ഷൻസിന്റെ എ.എം. മുഹമ്മദലിയെ ചടങ്ങിൽ ആദരിച്ചു.
1802ല്‍ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയുടെ ജുഡീഷ്യല്‍ ആസ്ഥാനമായ തലശ്ശേരി കോടതിയില്‍ നാലേക്കര്‍ സ്ഥലത്താണ് 14 കോടതികള്‍ വിവിധ കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നത്. ഇതിൽ 10 കോടതികളാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജില്ല സെഷന്‍സ് കോടതി മുനിസിഫ് കോടതി, സി.ജെ.എം കോടതി എന്നിവ നിലവിലെ കെട്ടിടത്തില്‍തന്നെ തുടരും.
സൗകര്യങ്ങൾ ജുഡീഷ്യറിയെ ശക്തിപ്പെടുത്തും -മുഖ്യമന്ത്രി
തലശ്ശേരി: കോടതി സമുച്ചയത്തിലെ സൗകര്യങ്ങൾ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ പ്രൗഢിക്ക് അനുയോജ്യമായ കെട്ടിട സമുച്ചയം നിർമിക്കുക എന്നത് നാടിന്റെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിലെ പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
200ലധികം വർഷത്തെ പാരമ്പര്യമുള്ള നീതിന്യായ സംവിധാനമാണ് തലശ്ശേരിയിലേത്. തലശ്ശേരിയില്‍ 14 കോടതികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. അവയില്‍ പലതും സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്നവയാണ്. കൂടുതൽ സൗകര്യമുള്ള കോടതികള്‍ ഉണ്ടാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെട്ടിട സമുച്ചയം നിർമിക്കാന്‍ സര്‍ക്കാര്‍ തയാറായത്.
പുതിയ കാലത്തിനനുസൃതമായി കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ജുഡീഷ്യറിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന അഭിഭാഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കിവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

