ലഹരിവിൽപന സംഘം നഗരങ്ങൾ കൈയടക്കുന്നു; കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsതലശ്ശേരി: ലഹരിക്കെതിരെ നാടെങ്ങും വ്യാപകമായ ബോധവത്കരണം ശക്തമാവുമ്പോഴും മാരകമായ മയക്കുമരുന്ന് വിപണനത്തിന് ഒരു കുറവുമില്ല. വിദ്യാർഥികൾക്കിടയിലടക്കം പിടിമുറുക്കിയ എം.ഡി.എം.എയുമായി പിടിയിലാവുന്നവരുടെ വിവരങ്ങൾ ദിവസവും പത്രത്താളുകളിൽ നിറയുകയാണ്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം മാരക ലഹരി ഉൽപന്നമായ എം.ഡി.എം.എയുമായി ഞായറാഴ്ചയും ഒരു യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി.
പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുബിൻരാജും പാർട്ടിയും മമ്പറം അഞ്ചരക്കണ്ടി മൈലുള്ളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ടാറ്റ ടിയാഗോയിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കൂത്തുപറമ്പിനടുത്ത പാതിരിയാട് പൊയനാട് സ്വദേശി പി.പി. ഇസ്മായിൽ (35) എന്നയാളിൽനിന്നാണ് എം.ഡി.എം.എ പിടികൂടിയത്.
ഇയാളെ അറസ്റ്റ് ചെയ്തു. പള്ളൂർ നടവയലിൽ 20.670 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ശനിയാഴ്ച പൊലീസ് സംഘം പിടികൂടിയതിന് പിന്നാലെയാണ് പാതിരിയാട്ടെ ഇസ്മായിൽ പിടിയിലാവുന്നത്.
മമ്പറം, അഞ്ചരക്കണ്ടി, കോട്ടയം ഭാഗങ്ങളിൽ യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ മാരക ലഹരി ഉൽപന്നം വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലാണ് ഇസ്മായിൽ എക്സൈസിന്റെ കെണിയിലായത്. പിണറായി റേഞ്ച് എക്സൈസ് പാർട്ടി ആഴ്ചകളോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ പ്രതിയുടെ നീക്കങ്ങൾ പിന്തുടരുകയായിരുന്നു.
മാരക ലഹരി ഉൽപന്നവും ഇത് കടത്തുകയായിരുന്ന വാഹനവും പരിശോധനയിൽ പിടികൂടുകയായിരുന്നു. മാർക്കറ്റിൽ 14 ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ എം.ഡി.എം.എ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മിനിമം 10 വർഷം മുതൽ 20 വർഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.
മാസങ്ങൾക്ക് മുമ്പ് മൂന്നാം പീടികയിൽ വെച്ചും 40 ഗ്രാം എം.ഡി.എം.എയും രണ്ട് കാറുകളും പിണറായി എക്സൈസ് പാർട്ടി പിടികൂടിയിരുന്നു. സ്കൂൾ-കോളജ് കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്ന സ്ക്വാഡിന്റെ രഹസ്യശേഖരണത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. പ്രതിക്ക് ലഹരി ഉൽപന്നം എത്തിച്ചുകൊടുക്കുന്ന കേന്ദ്രത്തെക്കുറിച്ചും എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തലശ്ശേരി നിട്ടൂർ സ്വദേശി ഷീജ നിവാസിൽ ഷാൽവിൻ റോബർട്ട് (ഷാൽവിൻ ഷാലു-25), ചൊക്ലി നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം കയ്യാലക്കണ്ടി വീട്ടിൽ കെ.കെ. റാഷിദ് (24) എന്നിവരാണ് കഴിഞ്ഞദിവസം എം.ഡി.എം.എയുമായി പള്ളൂരിൽ പിടിയിലായത്. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് രൂപവത്കരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഉറവിടം കാണാമറയത്ത് !
മാരകമായ എം.ഡി.എം.എ വിപണനം നഗരങ്ങളിൽ വ്യാപകമാകുമ്പോഴും ഉറവിടം കണ്ടെത്താൻ നിയമപാലകർക്കാവുന്നില്ല.
ഇവ പിടികൂടുന്നവരിൽ ഭൂരിഭാഗവും വിദ്യാർഥികൾ ഉൾപ്പെടെയുള്ള തദ്ദേശീയരാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി ഉൽപന്നത്തിന്റെ ഇരകളിൽ ഏറിയ പങ്കും പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളാണെന്നാണ് കണ്ടെത്തൽ.
പിടിയിലാകുന്നവർതന്നെയാണ് നിയമപാലകരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ, ഇവ എത്തിക്കുന്ന ശൃംഖലയിലേക്ക് അന്വേഷണം നീളുന്നില്ല.
ഒരാൾ പിടിയിലാകുമ്പോൾ വിപണനം മറ്റൊരാൾ കൈയടക്കുന്നുണ്ടെന്നാണ് ഓരോ മേഖലയിലും നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ലഹരിക്കെതിരെ സർക്കാർ തലത്തിൽ ശക്തമായ കാമ്പയിൻ നടക്കുമ്പോൾതന്നെ ലഹരി ഉൽപന്നങ്ങളുമായി പിടിയിലാവുന്നവർ ഏറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

