തലശ്ശേരി ഓട്ടോ സ്റ്റാൻഡിൽ വെള്ളക്കെട്ട്
text_fieldsതലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ഓട്ടോ സ്റ്റാൻഡിൽ മഴവെള്ളം കയറിയപ്പോൾ
തലശ്ശേരി: ചെറിയ മഴ പെയ്തപ്പോഴേക്കും തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി. ഓട്ടോ കയറാൻ എത്തുന്ന യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇത് ഏറെ ബുദ്ധിമുട്ടായി. പഴയ ബസ് സ്റ്റാൻഡിലെ ജനറൽ ആശുപത്രി റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതിന്റെ ദുരിത ഫലമാണ് ഓട്ടോ സ്റ്റാൻഡിലെ ഈ വെള്ളക്കെട്ട്.
റോഡ് നിലവിലുളളതിനേക്കാൾ ഉയർത്തിയെങ്കിലും സമീപത്തെ ഓട്ടോ സ്റ്റാൻഡും പരിസരവും താഴ്ന്ന നിലയിലാണ്. റോഡ് ഉയർത്തുന്ന സമയത്ത് തന്നെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും പരിസരത്തെ വ്യാപാരികളും ഇക്കാര്യം കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
ഹാർബർ എൻജിനീയറിങ് വകുപ്പാണ് ജനറൽ ആശുപത്രി റോഡിലും തൊട്ടടുത്ത എം.ജി റോഡിലും നവീകരണം നടത്തിയത്. മൂന്ന് മാസത്തോളം സമയമെടുത്ത് നടത്തിയ പ്രവൃത്തി ശരിയായ വിധത്തിൽ പൂർത്തികരിച്ചതുമില്ല. റോഡിന്റെ അരികുകളുടെയും നടപ്പാതയുടെയും പണി പൂർത്തിയാക്കാതെയാണ് രണ്ടു റോഡുകളും ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
വിഷു - റമദാൻ സീസണിൽ നടത്തിയ റോഡ് പ്രവൃത്തി വ്യാപാരികളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. വ്യാപാരികൾ കടകൾ അടച്ചിട്ട് സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ നവീകരിച്ച റോഡുകൾ തിരക്കിട്ട് തുറന്നുകൊടുക്കുകയായിരുന്നു.
എന്നാൽ അവശേഷിക്കുന്ന പ്രവൃത്തികൾ നടത്താൻ അധികൃതർ പിന്നീട് തയാറായതുമില്ല. ചെറിയ വേനൽ മഴയിൽ തന്നെ റോഡിൽ വെള്ളം തളം കെട്ടുന്ന അവസ്ഥയാണിപ്പോൾ. കാലവർഷം തുടങ്ങുന്നതോടെ നഗരം എങ്ങനെയിരിക്കുമെന്ന് കണ്ടുതന്നെ അറിയാം.