നിയമലംഘനം; 30 ബസുകൾക്കെതിരെ നടപടി, 68,000 രൂപ പിഴ
text_fieldsതലശ്ശേരിയിൽ നിയമലംഘനം പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
ബസുകളിൽ പരിശോധന നടത്തുന്നു
തലശ്ശേരി: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിന്റെ പശ്ചാത്തലത്തിൽ, വാഹനങ്ങളുടെ നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ചയും ജില്ലയിൽ പരിശോധന തുടർന്നു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി. ഷീബയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിൽ നിയമലംഘനത്തിന് മുപ്പതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 68,000 രൂപ ഈയിനത്തിൽ പിഴ ചുമത്തി.
രാവിലെ 11 മണിയോടെയായിരുന്നു തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ബസുകളിലെ സ്പീഡ് ഗവേണർ, എയർഹോൺ, നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, തീവ്ര പ്രകാശമുള്ള ലൈറ്റുകൾ, കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കൂളിങ് ഫിലിം, അലങ്കാര വസ്തുക്കൾ തുടങ്ങിയവയാണ് പരിശോധനയിൽ കണ്ടെത്തിയത്.
എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒയുടെ നിർദേശപ്രകാരം കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. അനുവദനീയമല്ലാതെ ലൈറ്റ്, ഹോൺ എന്നിവ സ്ഥാപിച്ചതിന് തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ പത്തോളം ബസുകൾക്കെതിരെ നടപടിയെടുത്തു.
അനധികൃതമായി എയർഹോൺ ഘടിപ്പിച്ചതിന് 15 ബസുകൾക്കെതിരെയും എക്സ്ട്രാ ലൈറ്റ് ഫിറ്റിങ്ങിന് 13 ബസുകൾക്കെതിരെയും കേസെടുത്തു. രൂപമാറ്റം വരുത്തിയതിനും സ്പീഡ് ഗവേണർ ഊരിമാറ്റിയതിനും കേസെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെ ലൈസൻസ് സസ്‍പെൻഡ് ചെയ്തു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു, ഇ. ജയറാം, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.കെ. ശ്രീനാഥ്, വി.പി. സജേഷ്, കെ.കെ. സുജിത്ത്, നിതിൻ നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

