തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മരം പൊട്ടിവീണു; ഇരുചക്രവാഹനങ്ങൾ തകർന്നു
text_fieldsതലശ്ശേരി റെയിൽവേ സ്റ്റേഷന് മുൻവശം തണൽമരം
പൊട്ടിവീണ് ഇരുചക്ര വാഹനങ്ങൾ തകർന്ന നിലയിൽ
തലശ്ശേ രി: റെയിൽവേ സ്റ്റേഷന് മുൻവശം കൂറ്റൻ തണൽമരം പൊട്ടിവീണ് വാഹനങ്ങൾ തകർന്നു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കുള്ള പ്രവേശന കവാടത്തിനരികിൽ നിർത്തിയ ഇരുചക്ര വാഹനങ്ങൾക്ക് മുകളിലാണ് മരം പതിച്ചത്. ഇവിടെ നിർത്തിയ ഏഴ് ബൈക്കുകൾ മരക്കൊമ്പ് തട്ടി ഭാഗികമായി തകർന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം.
ട്രെയിനിൽ പതിവായി യാത്ര ചെയ്യുന്നവരുടെ വാഹനങ്ങളാണ് തകർന്നത്. തടിമരം അപകട ഭീഷണി ഉയർത്തുന്നുണ്ട്. തലശ്ശേരി അഗ്നിരക്ഷാസേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ഒ.കെ. രജീഷിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റി. മരം വീണതിനെ തുടർന്ന് ഏതാനും സമയം ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടില്ല.
വാഹനങ്ങൾ അനധികൃതമായാണ് ഇവിടെ നിർത്തുന്നതെന്നും സംഭവത്തിൽ റെയിൽവേക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് സ്റ്റേഷൻ അധികൃതരുടെ വിശദീകരണം. നേരത്തെ ഇവിടെ പേ പാർക്കിങ് സംവിധാനമുണ്ടായിരുന്നു. കരാറെടുത്ത ആൾക്ക് നഷ്ടം നേരിട്ടതിനാൽ ഉപേക്ഷിക്കുകയായിരുന്നു.