സ്റ്റേഷനിൽ ട്രെയിൻ നിർത്തിയില്ല; റെയിൽവേ അന്വേഷണം തുടങ്ങി
text_fieldsതലശ്ശേരി: കോയമ്പത്തൂർ -കണ്ണൂർ പാസഞ്ചർ ട്രെയിൻ തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്റ്റേഷനിൽ രാത്രി നിർത്താതെപോയ സംഭവത്തിൽ പാലക്കാട് ഡിവിഷൻ അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് സംഭവം. കോയമ്പത്തൂരിൽനിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ രാത്രി 7.50ഓടെ ട്രെയിൻ തലശ്ശേരി ടെമ്പിൾ ഗേറ്റിൽ നിർത്തേണ്ടതായിരുന്നു.
എന്നാൽ, മാഹി കഴിഞ്ഞ് അടുത്ത സ്റ്റേഷനായ ടെമ്പിൾ ഗേറ്റ് സ്റ്റേഷനിൽ എത്താറായപ്പോൾ വഴിയിൽ തെളിഞ്ഞത് പച്ച സിഗ്നലായിരുന്നു. ഇതോടെ ലോകോ പൈലറ്റ് വേഗത കൂട്ടി തൊട്ടടുത്ത തലശ്ശേരിയിലേക്ക് പായുകയായിരുന്നു. ടെമ്പിൾ ഗേറ്റ് സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരനിൽനിന്ന് പരാതിയുയർന്നതോടെ പാസഞ്ചർ കണ്ണൂരിലെത്തും മുമ്പ് പാലക്കാട് ഡിവിഷൻ ഓഫിസിൽനിന്ന് അന്വേഷണ ഉത്തരവെത്തി.
ടെമ്പിൾ ഗേറ്റ് സ്റ്റേഷനിൽ ഇറങ്ങേണ്ടവരും കയറേണ്ടവരും ദുരിതത്തിലായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും തുടർനടപടികൾ.

