തലശ്ശേരി: നഗരസഭ ശുചിമുറിയുടെ ടാങ്ക് നിറഞ്ഞ് നഗരം നാറുന്നു. പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ ടാങ്കാണ് നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയത്. ഇതുകാരണം പരിസരത്തെ വ്യാപാരികൾ ദുരിതത്തിലായി. നാറ്റം കാരണം കടയിൽ ഇരിക്കാനാവാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.
ടാങ്ക് നിറഞ്ഞതിനാൽ ശുചിമുറി അടച്ചിട്ടിരിക്കുകയാണ്. മലിനജലം ഒഴുകിപ്പരന്ന ഭാഗത്ത് ബ്ലീച്ചിങ് പൗഡർ വിതറിയാണ് നാറ്റം അകറ്റുന്നത്. ടാങ്ക് നിറഞ്ഞതിനാൽ സാംക്രമിക രോഗം പരക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. ആദ്യം സ്ഥാപിച്ചിരുന്ന സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയുന്ന സാഹചര്യമുണ്ടായതിനാൽ വലിയ കുഴിയെടുത്താണ് പിന്നീട് ശുചിമുറി പ്രവർത്തനം തുടങ്ങിയത്. സ്വകാര്യ വ്യക്തിക്കാണ് നടത്തിപ്പ് ചുമതല. ടാങ്ക് തുറക്കണമെങ്കിൽ കണ്ണൂരിൽ നിന്നുള്ള ആളുകൾ വരണമെന്നാണ് അറിയുന്നത്.
നഗരമധ്യത്തിൽ ആളുകൾ കൂടുന്നിടത്താണ് സെപ്റ്റിക് ടാങ്കുള്ളത്. ഷോപ്പിങ്ങിനെത്തുന്ന നിരവധി വാഹനങ്ങൾ ഇതിന് ചുറ്റുമായി നിർത്തിയിടാറുണ്ട്.
രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും പൊതുയോഗത്തിനായി സ്റ്റേജ് കെട്ടുന്നതും ടാങ്കിന് തൊട്ടുള്ള സ്ഥലത്താണ്. ആഘോഷവേളകളിൽ വഴിവാണിഭ കച്ചവടക്കാർ ടെന്റ് കെട്ടുന്നതും ടാങ്കിന് മുകളിലുള്ള സ്ഥലത്താണ്. ടാങ്ക് നിറഞ്ഞതോടെ വഴിയാത്രക്കാരും പ്രയാസത്തിലായി.