ജില്ല കോടതിയിൽ ലിഫ്റ്റ് താഴേക്ക് പതിച്ച് മൂന്ന് അഭിഭാഷകർക്ക് പരിക്ക്
text_fieldsജില്ല കോടതി കെട്ടിടസമുച്ചയം നിർമാണത്തിലിരിക്കുമ്പോൾ (ഫയൽ ചിത്രം)
തലശ്ശേരി: ജില്ല കോടതിയിൽ ലിഫ്റ്റ് താഴേക്ക് പതിച്ച് മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.50 ഓടെയാണ് സംഭവം. ലിഫ്റ്റിൽ അഞ്ച് അഭിഭാഷകരാണുണ്ടായത്. മൂന്നാം നിലയിൽ പെട്ടെന്ന് നിന്ന ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ രണ്ട് വനിത അഭിഭാഷകർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് കാലിന്റെ ലിഗമെന്റിനും ഒരാൾക്ക് മൂക്കിനുമാണ് പരിക്കേറ്റത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഒരാൾക്ക് നടുവിന് നിസ്സാര പരിക്കേറ്റു. 11.30ഓടെയാണ് ടെക്നീഷ്യന്മാരുടെ സഹായത്തോടെ ലിഫ്റ്റ് തുറന്ന് പുറത്തെത്തിച്ചത്.
ജില്ല കോടതി സമുച്ചയത്തിലെ ലിഫ്റ്റിലെ അപകടം; കേസെടുക്കാൻ ആവശ്യപ്പെട്ട് അഭിഭാഷകന്റെ പരാതി
തലശ്ശേരി: പുതിയ ജില്ല കോടതി കെട്ടിട സമുച്ചയത്തിലെ ലിഫ്റ്റിൽ അടിക്കടി ഉണ്ടാവുന്ന അപകടത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. തലശ്ശേരി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. കെ.എ. സജീവനാണ് പരാതി നൽകിയത്. ലിഫ്റ്റ് സ്ഥാപിച്ചശേഷം അടിക്കടിയുണ്ടാവുന്ന അപകടം അഭിഭാഷകരിലും പൊതുജനങ്ങളിലും ഭീതിയുളവാക്കിയിരിക്കുകയാണ്.
ലിഫ്റ്റുകളുടെ ഗുണനിലവാരക്കുറവും ശരിയായ അറ്റകുറ്റപ്പണികൾ നടത്താത്തതും ഇൻസ്റ്റലേഷനിലെ പിഴവും കാരണമാണ് അപകടം സംഭവിക്കുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ല. ലിഫ്റ്റുകൾ സ്ഥാപിച്ചവരുടെ കുറ്റകരമായ അനാസ്ഥക്ക് കേസെടുക്കണമെന്നാണ് അഭിഭാഷകന്റെ പരാതി. കേരള ഹൈകോടതിക്കും അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

