വെള്ളത്തർക്കം: ബിഹാർ സ്വദേശിയെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
തലശ്ശേരി: ക്വാർട്ടേഴ്സിെൻറ മുകളിൽ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ മൂന്നുപേരെ തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. കായ്യത്ത് റോഡിലെ എ.ഡി കോയ ക്വാർട്ടേഴ്സിലെ സി. അഷ്റഫ് എന്ന അശ്രു (43), ധർമടം പരീക്കടവിലെ പുളുക്കൂൽ വീട്ടിൽ കെ. അഷ്റഫ് (44), കുയ്യാലി ഷറാറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സേലം സ്വദേശി വീരസ്വാമി (32) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. കുയ്യാലിയിലെ ഷറാറ ക്വാർട്ടേഴ്സിൽ ബുധനാഴ്ച രാത്രി പത്തരയോടെയാണ് തർക്കമുണ്ടായത്. വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലും കത്തിവീശലിലും കലാശിക്കുകയായിരുന്നു. കുത്തേറ്റ് സാരമായി മുറിവേറ്റ ഇർഷാദ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലശ്ശേരി സി.ഐയുടെ ചുമതലയിലുള്ള കോസ്റ്റൽ പൊലീസ് സി.ഐ സ്മിതേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.