നടപ്പാതയൊരുക്കാൻ ഇനിയും എത്ര കാക്കണം ?
text_fieldsതലശ്ശേരി എം.ജി റോഡിൽ ബി.ഇ.എം.പി സ്കൂളിന് മുന്നിലെ നടപ്പാതയിൽ സാധന സാമഗ്രികൾ
നിരത്തിയ നിലയിൽ
തലശ്ശേരി: നഗരത്തിൽ സദാസമയവും ആളുകൾ പോകുന്ന പ്രധാന റോഡിൽ നടപ്പാതകൾ ക്രമീകരിക്കാത്തത് പ്രതിസന്ധിയാകുന്നു. വേനൽ അവധിക്ക് ശേഷം വിദ്യാലയങ്ങൾ വ്യാഴാഴ്ച തുറക്കുന്നതിനാൽ വിദ്യാർഥികളായിരിക്കും ഇതിന്റെ ദുരിതം കൂടുതൽ അനുഭവിക്കുക. യാത്ര സുരക്ഷയൊരുക്കേണ്ട ഉത്തരവാദപ്പെട്ടവരാകട്ടെ, ഒന്നും കണ്ടില്ലെന്ന് നടിച്ച് ഇതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറുകയാണ്.
എം.ജി റോഡിലാണ് ഈ ദുരവസ്ഥ. ഒരു പ്രാഥമിക വിദ്യാലയവും അഞ്ച് ഹയർസെക്കൻഡറി വിദ്യാലയങ്ങളും അടുത്തടുത്തായി പ്രവർത്തിക്കുന്ന റോഡാണിത്. കുട്ടികൾ സദാസമയവും കടന്നുപോകുന്ന പാതയാണിത്. എം.ജി റോഡും ജനറൽ ആശുപത്രി റോഡും അടുത്തിടെയാണ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. റോഡ് പണി തീർത്തെങ്കിലും നടപ്പാതകളുടെ നിർമാണം പൂർത്തിയാക്കാത്തത് ജനത്തിന് കുരുക്കായി മാറിയിരിക്കുകയാണ്.
ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് നടത്തിയത്. റോഡിന്റെ അരികുകളുടെയും നടപ്പാതയുടെയും നിർമാണം പൂർത്തിയാക്കിയതുമില്ല. റോഡ് നവീകരണ ശേഷം നടപ്പാതകളടക്കം സൗന്ദര്യവത്കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടക്കാത്ത അവസ്ഥയിലാണ്.
നഗരസഭക്കോ ഹാർബർ എൻജിനീയറിങ് വകുപ്പിനോ ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയില്ല. നടപ്പാത നിർമാണത്തിനുള്ള സാധന സാമഗ്രികൾ നിരത്തിയിട്ട് ദിവസങ്ങൾ ഏറെയായെങ്കിലും നിർമാണം നീളുകയാണ്.
നടപ്പാത നിർമാണം പൂർത്തിയാക്കാനുള്ള അനിശ്ചിതത്വം തുടരുകയാണെങ്കിൽ വിദ്യാലയങ്ങൾ തുറന്നാൽ കുട്ടികളുടെ കാൽനട ഏറെ ദുഷ്കരമാവും. ടൗണിലെത്തിയാൽ തിരക്കിൽനിന്ന് മാറി നടപ്പാതയിലൂടെയാണ് കുട്ടികൾ വിദ്യാലയത്തിലെത്തുന്നതും തിരിച്ചുപോകുന്നതും.
ബി.ഇ.എം.പി സ്കൂളിന്റെ മുന്നിലെ നടപ്പാത കുത്തഴിഞ്ഞ അവസ്ഥയിലാണ്. ഉച്ചഭക്ഷണത്തിന് പരിസരത്തെ ഹോട്ടലുകളിലെത്തുന്ന വാഹനങ്ങൾ നടപ്പാതയിലാണ് കയറ്റിയിടുന്നത്. ഇതൊന്നും ട്രാഫിക് പൊലീസുകാർ ശ്രദ്ധിക്കാറില്ല.
നവീകരണം നടത്തിയ രണ്ടു റോഡുകളുടെയും അരികുകളും നികത്തിയിട്ടില്ല. കനത്ത മഴ പെയ്താൽ നഗരം വെള്ളക്കെട്ടിലാകുമെന്ന ഭീതിയിലാണ് വ്യാപാരികൾ. റോഡിലെ വെള്ളം നടപ്പാതയിൽ കയറി കടകൾക്കുള്ളിലേക്ക് ഇരച്ചുകയറാനും സാധ്യതയുണ്ട്. മഴക്ക് മുമ്പേ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ നഗരം വെള്ളക്കെട്ടിലാവുമെന്ന കാര്യത്തിൽ നാട്ടുകാർക്കും ആശങ്കയുണ്ട്.