ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ മോഷണം: പ്രതികൾ അറസ്റ്റിൽ
text_fieldsസി. രാജീവന്, സി. രമേശന്
തലശ്ശേരി: കൊടുവള്ളി ഇല്ലിക്കുന്ന് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഓഫിസും ഭണ്ഡാരവും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. മട്ടന്നൂര്‍ പൊറോറ സ്വദേശി പുതിയപുരയില്‍ സി. രാജീവന് (47), മട്ടന്നൂര്‍ കല്ലൂര്‍ സ്വദേശി ചാലപറമ്പത്ത് ഹൗസില്‍ സി. രമേശന് (36) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ എട്ടിന് പുലർച്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. നവീകരണ ആഘോഷക്കമ്മിറ്റി ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണവും ഓഫിസിന്റെ പൂട്ട് തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവുമാണ് കവർന്നത്. സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ ധർമടം പൊലീസിൽ പരാതി നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
രമേശനെ മട്ടന്നൂർ ടൗണിൽനിന്നും രാജീവനെ തൃശൂരിൽനിന്നുമാണ് പിടികൂടിയത്. രാജീവനിൽനിന്ന് ക്ഷേത്രങ്ങളിൽ നേർച്ചയായിയെത്തുന്ന സ്വർണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ഇരുവരും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

