കൂട്ടുകാരെ ദുഃഖത്തിലാഴ്ത്തി യുവാക്കളുടെ മുങ്ങിമരണം
text_fieldsവിജയിയും ശ്രീജിത്തും ജനറൽ ആശുപത്രിയിൽ
തലശ്ശേരി: ഗൂഡല്ലൂരിൽനിന്ന് വിനോദയാത്രക്കെത്തിയ സംഘത്തിലെ രണ്ട് യുവാക്കളുടെ മരണം കൂട്ടുകാർക്ക് തേങ്ങലായി. ഇലക്ട്രിക്കൽ ജോലിക്കാരായ ഏഴംഗസംഘം തിങ്കളാഴ്ചയാണ് ഗൂഡല്ലൂരിൽനിന്ന് കാർമാർഗം മാഹിയിലെത്തിയത്.
ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്നവഴിയാണ് ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിലെത്തിയത്. ഇവിടെ കുളിക്കാനിറങ്ങിയ ഗൂഡല്ലൂർ എസ്.എഫ് നഗർ സ്വദേശികളായ അഖിൽ (23), സുനീഷ് (23) എന്നിവരാണ് മുങ്ങിമരിച്ചത്.
വൈകീട്ട് അഖിലിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തിരച്ചിലിനൊടുവിൽ രാത്രി ഒമ്പതോടെ സുനീഷിന്റെ മൃതദേഹവും കണ്ടുകിട്ടി. കൂട്ടുകാരായ വിജയ്, ശ്രീജിത്ത് എന്നിവരാണ് അഖിലിന്റെ മൃതദേഹത്തോടൊപ്പം ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിയത്.
കടലിൽ മുങ്ങി കാണാതായ സുനീഷിനെ കണ്ടെത്താനുള്ള തിരച്ചിലിൽ മറ്റു കൂട്ടുകാർ ഈ സമയം ചാത്തോടം ബീച്ചിലായിരുന്നു. രാത്രി ഒമ്പതോടെ സുനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മറ്റുള്ളവർ ബീച്ചിൽ ഫോട്ടോയെടുക്കുന്നതിനിടയിൽ അഖിലും സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങുകയായിരുന്നു.
രണ്ടുപേരുടെ ചേതനയറ്റ ശരീരം കണ്ടതോടെ മാനസികമായി തളർന്നിരിക്കുകയായിരുന്നു കൂടെയുള്ളവർ. ഇലക്ട്രിക്കൽ ജോലിചെയ്യുന്ന ഏഴംഗ സംഘം ദീപാവലിക്ക് വിനോദയാത്ര പോകണമെന്ന് തീരുമാനിച്ചതനുസരിച്ചാണ് തിങ്കളാഴ്ച യാത്ര പുറപ്പെട്ടത്.
വയനാട് ചുറ്റിക്കണ്ടശേഷമാണ് മാഹിയിലെത്തി മുറിയെടുത്തത്. പ്രത്യേക വാഹനത്തിലാണ് സംഘമെത്തിയത്. രണ്ടുപേർ കൂടെയില്ലാതെ എങ്ങനെയാണ് നാട്ടിലേക്ക് മടങ്ങുകയെന്ന് പറഞ്ഞ് വിജയിയും ശ്രീജിത്തും ജനറൽ ആശുപത്രി വരാന്തയിലിരുന്ന് തേങ്ങുന്നുണ്ടായിരുന്നു. മുരുകൻ-ശോഭന ദമ്പതികളുടെ മകനാണ് മരിച്ച അഖിൽ. കൃഷ്ണനാണ് സുനീഷിന്റെ പിതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

