പുരസ്കാര മികവിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ
text_fieldsതലശ്ശേരി പൊലീസ് സ്റ്റേഷൻ
തലശ്ശേരി: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാര നിറവിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ. 2023ലെ പ്രവർത്തന മികവിനാണ് തലശ്ശേരി പൊലീസ് സ്റ്റേഷന് മുഖ്യമന്ത്രിയുടെ ട്രോഫി ലഭിച്ചത്. പൊലീസുകാരുടെ ജനങ്ങളോടുള്ള പെരുമാറ്റം, അന്വേഷണ മികവ്, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗ്രീൻ പ്രോട്ടോകോൾ, പരാതി പരിഹാരം തുടങ്ങി തലശ്ശേരി പൊലീസ് സ്റ്റേഷന്റെ പ്രവർത്തന മികവിനാണ് ട്രോഫി ലഭിച്ചത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിതിതെരഞ്ഞെടുപ്പ് നടത്തിയത്.
ഹെൽപ് ഡെസ്ക്, വിമൻ ഡസ്ക്, സീനിയർ സിറ്റിസൺ ഹെൽപ് ഡെസ്ക്, ജനമൈത്രി സംവിധാനം എന്നിവയുടെ പ്രവർത്തനവും സ്റ്റേഷനിൽ സജീവമാണ്. പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിന് 254 കേസുകൾ 2023 രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടിയുടെ ഭാഗമായി 11 പ്രതികൾക്കെതിരെ 2023ൽ കാപ്പനിയമം ചുമത്തിയിരുന്നു. ഇതേ വർഷം 1.75 കോടി രൂപയുടെ കള്ളപ്പണം പിടികൂടി ആദായ നികുതി വകുപ്പിന് കൈമാറി. എട്ട് കവർച്ച കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു. എം. അനിൽ, ബിജു ആന്റണി എന്നിവർ തലശ്ശേരി സി.ഐ ആയിരുന്ന കാലയളവിലെ പ്രവർത്തനമാണ് അംഗീകാരത്തിന് ആധാരം. നിലവിൽ മൂന്ന് എസ്.ഐമാർ ഉൾപ്പെടെ 79 ഉദ്യോഗസ്ഥരാണ് തലശ്ശേരി സ്റ്റേഷനിലുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ആദ്യ പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് തലശ്ശേരിയിലേത്. ഒട്ടനവധി ചരിത്ര സംഭവങ്ങൾക്കും സ്റ്റേഷൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
2024ൽ മുപ്പതിൽ കൂടുതൽ കാപ്പ കേസുകളിൽ നടപടി സ്വീകരിച്ചതായി ഇപ്പോഴത്തെ ഇൻസ്പെക്ടർ ബിനു തോമസ് പറഞ്ഞു. ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിച്ചു. തൊട്ടിൽപ്പാലം സ്വദേശിയായ ബിനു തോമസ് ആറുമാസമായി തലശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടറാണ്.1899ൽ മദ്രാസ് സർക്കാർ ഉത്തരവനുസരിച്ചാണ് സ്വകാര്യ കെട്ടിടത്തിൽ തലശ്ശേരി സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. 1984 ആഗസ്റ്റ് നാലിന് തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തനം മാറ്റി. നേരത്തേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഇപ്പോൾ ട്രാഫിക് യൂനിറ്റാണ് പ്രവർത്തിക്കുന്നത്. പഴയ സ്റ്റേഷൻ കെട്ടിടം പൈതൃക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചു. തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി വില്ലേജുകളാണ് തലശ്ശേരി സ്റ്റേഷന്റെ അധികാരപരിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

