അക്ഷര വാതായനം തുറന്ന് തലശ്ശേരി ഗുണ്ടർട്ട് മ്യൂസിയം
text_fieldsതലശ്ശേരി ഇല്ലിക്കുന്ന് ഗുണ്ടർട്ട് മ്യൂസിയം
തലശ്ശേരി: വൈദേശികനായ അക്ഷരസ്നേഹി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ് ഇനി രാജ്യത്തിന്റെ സാംസ്കാരിക തീർഥാടനകേന്ദ്രം.
തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഗുണ്ടർട്ട് മ്യൂസിയം ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുറന്നുകൊടുക്കും. മലയാളത്തിലെ ആദ്യ വർത്തമാനപത്രം പിറന്ന ബംഗ്ലാവ് മലയാള ഭാഷയെയും സംസ്കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാനുള്ള അറിവ് പകരുന്നതോടൊപ്പം ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശഭാഷ കുതുകികളായ ചരിത്രവിദ്യാർഥികൾക്കും പ്രയോജനപ്പെടും. 'ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയം' എന്ന സ്വപ്നപദ്ധതിയാണ് യാഥാർഥ്യമായത്.
ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും. അടുത്തഘട്ടത്തിൽ ബംഗ്ലാവ് വിവിധ ഭാഷപഠന ഗവേഷണകേന്ദ്രമായി മാറും. ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 മുതലാണ് ഇല്ലിക്കുന്ന് ബംഗ്ലാവിൽ താമസിച്ചുവന്നത്. ബംഗ്ലാവിന്റെ വരാന്തയിലെ ചാരുകസേരയിലിരുന്നാണ് അദ്ദേഹം കേരളക്കരയിൽ മാത്രം ഒതുങ്ങിനിന്ന മലയാള ഭാഷയെ മലയാളം - ഇംഗ്ലീഷ് ഭാഷ നിഘണ്ടുവിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത്.
പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. ശനിയാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. സി.എസ്.ഐ മലബാർ രൂപത ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ മുഖ്യാതിഥിയായിരിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
മ്യൂസിയത്തിലെത്തിയത് രണ്ട് കോടിയുടെ പുസ്തകങ്ങൾ
അക്ഷര മ്യൂസിയമാകുന്ന തലശ്ശേരി നിട്ടൂരിലെ ഗുണ്ടർട്ട് ബംഗ്ലാവിലേക്ക് ജർമനിയിലെ സ്റ്റുഗർട്ടിൽനിന്ന് എത്തിയത് രണ്ടു കോടിയിലേറെ വിലമതിക്കുന്ന പുസ്തകങ്ങൾ. സ്റ്റുഗർട്ട് മീഡിയ സർവകലാശാലയിലെ പ്രഫസറും മാധ്യമ പ്രവർത്തകയുമായ ഡോ. മേരി എലിസബത്ത് മുള്ളറുടെ ജീവിതസമ്പാദ്യമായ ഗ്രന്ഥശേഖരത്തിൽനിന്നുള്ള പതിനായിരത്തിലേറെ അപൂർവ പുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഗുണ്ടർട്ടിന്റെ നാട്ടിൽനിന്ന് തലശ്ശേരിക്ക് ലഭിച്ച ഏറ്റവും വലിയ ഗ്രന്ഥശേഖരമാണിത്.
പുസ്തകങ്ങളോട് മലയാളി കാട്ടുന്ന സ്നേഹവികാരങ്ങൾ തൊട്ടറിഞ്ഞതോടെയാണ് ഡോ. മേരി എലിസബത്ത് മുള്ളർ താൻ ഹൃദയത്തോട് ചേർത്തുവെച്ച അമൂല്യവും അപൂർവവുമായ പുസ്തകങ്ങൾ തലശ്ശേരിക്ക് സമ്മാനിച്ചത്. വിജ്ഞാനദാഹികളായ ചരിത്രവിദ്യാർഥികൾക്ക് പഠനത്തിനും ഗവേഷണത്തിനും ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

