മുഖം മിനുക്കി തലശ്ശേരി ഇംഗ്ലീഷ് പള്ളി; സഞ്ചാരികൾക്കായി ഉടൻ തുറന്നുകൊടുക്കും
text_fieldsനവീകരിച്ച തലശ്ശേരി സെൻറ് ജോൺസ് ആംഗ്ലിക്കൻ ചർച്ച്
തലശ്ശേരി: പത്തൊമ്പതാം നൂറ്റാണ്ടിെൻറ ആദ്യദശകങ്ങളിൽ സ്ഥാപിതമായ പൈതൃക നഗരിയിലെ സെൻറ് ജോൺസ് ആംഗ്ലിക്കൻ ചർച്ചിന് (ഇംഗ്ലീഷ് പള്ളി) ഇനി പുതുമോടി. കാട്ടുവള്ളികൾ പടർന്ന് കാടുമൂടിയ ഓര്‍മകളില്‍ സ്പന്ദിക്കുന്ന സെമിത്തേരിയുടെ രൂപവും ഇതോടെ മാറുകയാണ്. ആംഗ്ലിക്കൻ, ഗോഥിക് വാസ്തുവിദ്യാ ശൈലിയുടെ ഉദാഹരണമാണ് അടിമുടി നവീകരിച്ചിട്ടുള്ള പള്ളി. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പള്ളി നവീകരിച്ചത്. വടക്കെ മലബാറിെൻറ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പുതുവഴി തുറന്നുനൽകിയ ജര്‍മന്‍കാരനായ എഡ്വേര്‍ഡ് ബ്രണ്ണെൻറ നേതൃത്വത്തില്‍ തലശ്ശേരി കോട്ടക്ക് സമീപം 1869ല്‍ നിര്‍മിച്ചതാണ് പള്ളി. നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ മരിച്ച എഡ്വേര്‍ഡ് ബ്രണ്ണനെ പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിച്ചു.
നവീകരണത്തിെൻറ ഭാഗമായി ചുറ്റുമതില്‍, അലങ്കാര വിളക്കുകള്‍, പൂന്തോട്ടം, ശൗചാലയം എന്നിവയൊരുക്കിയിട്ടുണ്ട്. പെയിൻറിങ്, പോളിഷിങ് എന്നീ മിനുക്ക് പണികളും പള്ളിയിലെ അലങ്കാര പണികളും പൂര്‍ത്തിയായി. പള്ളിയുടെ അകത്തളവും മനോഹരമാക്കി. ചുറ്റുപാടും ലാറ്ററേറ്റ് ശിലകളിലുള്ള നടപ്പാതകൾ പള്ളിയുടെ ചുറ്റം ശോഭ പകരുന്നുണ്ട്. സെമിത്തേരിക്കും പുതുമോടിയൊരുക്കി. പള്ളിയോട് ചേര്‍ന്ന സെമിത്തേരിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലറകൾ ആരുടേതെന്നു തിരിച്ചറിയാൻ ശിലാഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ചുറ്റിലും കൽപ്പടവുകൾ കെട്ടി വഴിയോരങ്ങൾ സുന്ദരമാക്കി. വഴിവിളക്കുകളും തോട്ടവുമുണ്ട്.
തലശ്ശേരി ടൂറിസം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 1.84 കോടി രൂപ വിനിയോഗിച്ചാണ് പള്ളിയുടെയും സെമിത്തേരിയുടെയും നവീകരണം പൂർത്തിയാക്കിയത്. കടൽക്കാഴ്ച കാണാനും ആസ്വദിക്കാനുമുള്ള അന്തരീക്ഷത്തിനും പള്ളിയുടെ നവീകരണം വഴിയൊരുക്കിട്ടുണ്ട്. 2009ൽ പുരാവസ്തു വകുപ്പും ടൂറിസം വകുപ്പും ഏറ്റെടുത്തതോടെയാണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പള്ളിക്ക് പുതുമോടി കൈവന്നത്. തലശ്ശേരി കടലോര പ്രദേശം നവീകരണത്തിന് പിന്നാലെ പള്ളിയുടെ സൗന്ദര്യവത്കരണവും കൂടിയായതോടെ നഗരവാസികൾ ഏറെ ആഹ്ലാദത്തിലാണ്. ഏറെ താമസിയാതെ പള്ളിയും വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

