തലശ്ശേരി ഇരട്ടക്കൊല: രണ്ടാം പ്രതിയുടെ ജാമ്യഹരജിയും തള്ളി
text_fieldsതലശ്ശേരി: നഗരത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ രണ്ടാംപ്രതിയുടെ ജാമ്യഹരജിയും കോടതി തള്ളി. മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ നെട്ടൂര്‍ ഇല്ലിക്കുന്നിലെ ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ശമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ നെട്ടൂര്‍ ചിറക്കക്കാവിന് സമീപം മുട്ടുങ്കല്‍ ഹൗസില്‍ ജാക്സണ് വിന്‍സെന്റിന്റെ ജാമ്യഹരജിയാണ് തലശ്ശേരി ജില്ല സെഷന്‍സ് കോടതി തള്ളിയത്.
ജാമ്യം നല്‍കരുതെന്നും കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടി.വിയില്‍ പ്രതിയുടെ ദൃശ്യം തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ കോടതിയിൽ വാദിച്ചിരുന്നു.
ഏഴ് പ്രതികളാണ് കേസിൽ അറസ്റ്റിലായി റിമാൻഡിലായത്. മൂന്നാം പ്രതി വടക്കുമ്പാട് നമ്പ്യാർ പീടികയിലെ വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32) ശനിയാഴ്ച വീണ്ടും കോടതിയിൽ ജാമ്യഹരജി നൽകി. ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവർക്ക് മാത്രമാണ് കോടതി ജാമ്യം നൽകിയത്.
കഴിഞ്ഞവർഷം നവംബർ 23ന് വൈകീട്ട് നാലോടെ തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രി പരിസരത്താണ് ഖാലിദും ശമീറും കുത്തേറ്റ് മരിച്ചത്. കേസിൽ ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ എം. അനിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.