പ്ലാസ്റ്റിക് കത്തിക്കാൻ തന്തൂരി അടുപ്പ്: ഹോട്ടലിന് 5,000 രൂപ പിഴ
text_fieldsതലശ്ശേരി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ‘ക്ലാസിക് റസിഡൻസി’ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
സ്ഥാപന പരിസരത്ത് തരംതിരിക്കാതെ മാലിന്യം കൂട്ടിയിട്ടതിനും പ്ലാസ്റ്റിക് കത്തിച്ചതിനുമായി മുനിസിപ്പൽ ആക്ട് അനുസരിച്ച് 5,000 രൂപ പിഴ ചുമത്തി. തുടർന്ന് നടപടികൾ സ്വീകരിക്കാൻ തലശ്ശേരി നഗരസഭക്ക് സ്ക്വാഡ് നിർദേശം നൽകി.
സ്ഥാപനത്തിന് പിറകുവശത്ത് തന്തൂരി മാതൃകയിൽ നിർമിച്ച അടുപ്പിലിട്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷരികുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ദിനേഷ് എന്നിവർ പങ്കെടുത്തു.

