കണ്ണിന് കുളിരായി സൂര്യകാന്തി
text_fieldsതലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിലെ സൂര്യകാന്തി ചെടികൾ
തലശ്ശേരി: കണ്ണിന് കുളിരായി സൂര്യകാന്തി പൂക്കൾ വിടർന്നുനിൽക്കുകയാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ. ഇവിടെയെത്തുന്നവർക്ക് ഇനിയുള്ള ദിവസങ്ങളിൽ സൂര്യകാന്തി പൂക്കളുടെ മനം കുളിർപ്പിക്കുന്ന കാഴ്ച കാണാം. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടമായ കിഴക്കെ നടയുടെ മുൻഭാഗത്താണ് കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നുമെത്തിച്ച ആയിരത്തിയഞ്ഞൂറോളം സൂര്യകാന്തി ചെടികൾ പൂചൂടി നിൽക്കുന്നത്.
ക്ഷേത്രത്തിന് ചുറ്റും വിവിധതരം പൂച്ചെടികളും സസ്യങ്ങളും നട്ടു പരിപാലിച്ച് നല്ലൊരു കാഴ്ച വിരുന്നാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന തീർഥാടകരുടെ മനസും കണ്ണും കുളിർപ്പിക്കുന്ന കാഴ്ചയാണ് ചുറ്റിലും. വിവിധതരം സസ്യലതാദികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. 1,500 ചെണ്ടുമല്ലി ചെടികളും വിരിയാനൊരുങ്ങി നിൽക്കുന്നു. കൂടാതെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നാഗലിംഗമരത്തിലെ പൂക്കളും, അരളി, ചെത്തി, മല്ലിക, ശംഖുപുഷ്പം, മുല്ല ഇവയൊക്കെ ദൃശ്യചാരുതയോടെ പരിലസിക്കുന്നു.
ക്ഷേത്രക്കുളത്തിന്റെ ശീതളിമയിൽ ഗുരുവിന്റെ പഞ്ചലോഹ പ്രതിമയുടെ ഇരുഭാഗങ്ങളിലും വെള്ളയും ചുവപ്പും താമരകൾ വിരിഞ്ഞു നിൽക്കുന്നു. ക്ഷേത്രത്തിലെ കർമങ്ങൾക്കാവശ്യമായ പൂജ പുഷ്പങ്ങളും കറുകയുമൊക്കെ ഇവിടെ തന്നെ നട്ടു വളർത്തുകയാണ്. ജ്ഞാനോദയം പ്രസിഡന്റ് അഡ്വ.കെ. സത്യന്റെ നിർദേശ പ്രകാരം കർണാടക സ്വദേശിയായ എം. ശിവനാണ് പൂന്തോട്ടം പരിപാലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

