ഫ്രഞ്ച് ഭാഷ പഠനത്തിെൻറ വഴിയെ സഞ്ചരിച്ച് വിദ്യാർഥികൾ
text_fields
ഫ്രഞ്ച് ഭാഷ പഠന ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികൾ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ എസ്. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത, അധ്യാപിക ഹെന്ന എന്നിവരോടൊപ്പം
തലശ്ശേരി: കോവിഡ് കാലത്തെ മടുപ്പിൽനിന്ന് ഫ്രഞ്ച് ഭാഷ പഠനത്തിെൻറ വഴിയെ സഞ്ചരിച്ച് ഒരുപറ്റം വിദ്യാർഥികൾ. സുഖം തന്നെയല്ലേ എന്ന് ചോദിക്കുന്നിടത്ത് ഇവർ തമ്മിൽ കാണുമ്പോൾ 'കൊമ്മ സവ' എന്ന് പറയും. കെസ്ക്സെ എന്ന് ചോദിച്ചാൽ എന്തൊക്കെയുണ്ട് വിശേഷം എന്നാണ്. 20 വിദ്യാർഥികളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പിണറായിയിൽ നടത്തിയ ക്ലാസിൽ ഫ്രഞ്ച് പഠിച്ചത്. ഇവർക്ക് ഫ്രഞ്ച് എഴുതാനും വായിക്കാനും അറിയാം. കുടുംബശ്രീ ജില്ല മിഷനാണ് ബാലസഭ കുട്ടികൾക്ക് പരിശീലന സൗകര്യം ഒരുക്കിയത്.
മൂന്നുമാസത്തെ കോഴ്സ് ഫെബ്രുവരിയിലാണ് തുടങ്ങിയത്. ഏപ്രിലിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കോവിഡിെൻറ രണ്ടാം തരംഗം പഠനത്തിന് തടസ്സമായി. ഒക്ടോബറിലാണ് വീണ്ടും ക്ലാസ് തുടങ്ങിയത്. പരിശീലനം പൂർത്തിയാക്കിയവർക്ക് പരീക്ഷ നടത്തി. ഇവർ പഠിച്ച കാര്യങ്ങളെക്കുറിച്ച് പ്രോജക്ടും തയാറാക്കി. മമ്പറം എച്ച്.എസ്.എസ് വിദ്യാർഥി റിതുനന്ദ്, ദേവ്ന (പിണറായി എ.കെ.ജി.എച്ച്.എസ്.എസ്), ഫ്രാൻസിസ്ക്ക (തലശ്ശേരി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്), അധിദേവ് (കോട്ടയം രാജാസ് ഹൈസ്കൂൾ, പാതിരിയാട്), ആദിഷ് (രാജീവ് ഗാന്ധി എച്ച്.എസ്.എസ്), ഗൗരിപ്രിയ (കടമ്പൂർ എച്ച്.എസ്.എസ്), അജ്മൽ (തലശ്ശേരി മുബാറക്ക എച്ച്.എസ്.എസ്) എന്നിവരുൾപ്പെടെ 20 വിദ്യാർഥികളാണ് കോഴ്സ് പൂർത്തിയാക്കിയത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി.
ഹൈസ്കൂൾ, എച്ച്.എസ്.എസ് വിദ്യാർഥികളായ തലശ്ശേരി ബ്ലോക്കിെൻറ പരിധിയിലുള്ള 25 കുട്ടികളാണ് തുടക്കത്തിലുണ്ടായിരുന്നത്. കുടുംബശ്രീ ജില്ല മിഷൻ തനത് പദ്ധതിയിലുൾപ്പെടുത്തിയാണ് ഭാഷ പരിശീലനം നൽകിയത്. വിദേശ ഭാഷ കുട്ടികളെ പരിചയപ്പെടുത്താനാണ് പദ്ധതി തുടങ്ങിയത്. ജർമൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇത്തരത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഫ്രഞ്ച് ഭാഷ പരിശീലനം നേടിയ വിദ്യാർഥികൾക്ക് തുടർ പരിശീലനം നൽകും. വിദേശ ഭാഷയും സംസ്കാരവും കുട്ടികളെ പരിചയപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ മിഷൻ കോ ഓഡിനേറ്റർ സുർജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

