ഫോൺ അറ്റൻഡ് ചെയ്യാത്തതിൽ വിരോധം; വിദ്യാർഥിനിയെ മർദിച്ച യുവാവിനെതിരെ കേസ്
text_fieldsചൊക്ലി: ഫോൺ അറ്റൻഡ് ചെയ്യാത്തതിനെ തുടർന്ന് വിദ്യാർഥിനിയുടെ മുഖത്തടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ തലശ്ശേരി പൊലീസ് യുവാവിനെതിരെ കേസെടുത്തു. തലശ്ശേരിയിൽ പഠിക്കുന്ന 21 കാരിയായ ചൊക്ലി നിടുമ്പ്രം സ്വദേശിനിയുടെ പരാതിയിലാണ് നിടുമ്പ്രത്തെ നൊച്ചിക്കാടൻ വീട്ടിൽ ജെ.ആർ. അഭിനവിനെതിരെ(25) പൊലീസ് കേസെടുത്തത്.
ബുധനാഴ്ച വൈകീട്ട് 3.15 ഓടെ തലശ്ശേരിയിലായിരുന്നു സംഭവം. ഫോൺ എടുക്കാതെ ഒഴിഞ്ഞുമാറിയ വിദ്യാർഥിനിയെ തേടിയെത്തിയ യുവാവ് തടഞ്ഞുനിർത്തി മർദിച്ച് കൈപിടിച്ചുവലിച്ച് അപമാനിക്കുകയായിരുന്നു. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുത്ത തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി പരാതി നൽകിയതറിഞ്ഞ് ക്ഷുഭിതനായ യുവാവും രണ്ടു സുഹൃത്തുക്കളും ബുധനാഴ്ച രാത്രി തന്നെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി.
ഇതേതുടർന്ന് യുവതി ചൊക്ലി പൊലീസിൽ വീണ്ടും പരാതി നൽകി. യുവതിയെ ഭീഷണിപ്പെടുത്തിയതിന് ചൊക്ലി പൊലീസ് അഭിനവിനും കണ്ടാലറിയാവുന്ന രണ്ടു സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഭിനവെന്ന് ചൊക്ലി പൊലീസ് പറഞ്ഞു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.