കേരള സീനിയർ ടീമിൽ തലശ്ശേരിക്കാരി സൗരഭ്യ
text_fieldsസൗരഭ്യ
തലശ്ശേരി: ജനുവരി 18 മുതൽ പുതുച്ചേരിയിൽ ആരംഭിക്കുന്ന ഓൾ ഇന്ത്യ ഇന്റർ സ്റ്റേറ്റ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി തലശ്ശേരിക്കാരിയും. തലശ്ശേരിക്കടുത്ത വടക്കുമ്പാട് സ്വദേശിനി പി. സൗരഭ്യയാണ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വയനാട് സ്വദേശിനിയായ എസ്. സജനയാണ് ക്യാപ്റ്റൻ.
കോഴിക്കോട് സ്വദേശിനി ടി. ഷാനി വൈസ് ക്യാപ്റ്റനാണ്. ഝാർഖണ്ഡ്, ഒഡിഷ, സിക്കിം, മിസോറം, റെയിൽവേസ്, ജമ്മു - കശ്മീർ, സൗരാഷ്ട്ര എന്നിവരടങ്ങുന്ന എലൈറ്റ് ഗ്രൂപ്പിലാണ് കേരളം. ജനുവരി 18ന് ഝാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
2017-18 സീസണിൽ മുംബൈയിൽ നടന്ന 23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ അന്തർ സംസ്ഥാന ടി 20 ടൂർണമെന്റിൽ ജേതാക്കളായ കേരള ടീമംഗമാണ് സൗരഭ്യ. വലംകൈയൻ ഓപണിങ് മീഡിയം പേസ് ബൗളറും വലംകൈയൻ ബാറ്ററുമാണ് സൗരഭ്യ. പി. സബീജ, പി.കെ. ദീപ, ഒ.വി. മസർ മൊയ്തു, ഡിജുദാസ്, എ.പി. വിനയകുമാർ എന്നിവരുടെ ശിക്ഷണത്തിൽ കരുത്തു കാട്ടിയ സൗരഭ്യ അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമാണ്.
പി. ബാലൻ-പി. ശീതള ദമ്പതികളുടെ മകളായ സൗരഭ്യ ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജിൽ മൂന്നാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയാണ്. നിലവിൽ ആലുവയിൽ കോച്ചുമാരായ അഖിലയുടേയും എൻ.കെ. ഉമേഷിന്റെയും കീഴിലാണ് സൗരഭ്യ പരിശീലനം നടത്തുന്നത്.

