പുന്നോലിൽ വീട്ടിൽ കവർച്ച; 10 പവനും പണവും മോഷ്ടിച്ചു
text_fieldsതലശ്ശേരി: പുന്നോൽ കുറിച്ചിയിൽ വീട്ടിൽ നിന്ന് മോഷ്ടാവ് 10 പവനും 1,80,000 രൂപയും അപഹരിച്ചു. സംഭവത്തിൽ ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗേറ്റിനടുത്ത ഷബിനാസിൽ പറമ്പത്ത്ക്കണ്ടി ഹൗസിൽ സുലൈഖയുടെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം.
ഇരുനില വീടിന്റെ അടുക്കളഭാഗത്ത് കൂടി കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു. മുറിയിൽ ഉറങ്ങുകയായിരുന്ന സുലൈഖയുടെ കഴുത്തിലെ മാലയും പൊട്ടിച്ചെടുത്താണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
ഇരുട്ടായതിനാൽ മോഷ്ടാവിനെ വീട്ടുകാർക്ക് തിരിച്ചറിയാനായില്ല. സുലൈഖയും മകളുടെ മൂത്ത മകനും കവർച്ച നടന്ന മുറിയിലും മകളും ഭർത്താവും കുട്ടിയും അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. സുലൈഖ കിടന്ന കട്ടിലിലെ കിടക്കയുടെ അടിയിൽനിന്ന് താക്കോൽ കൈക്കലാക്കിയാണ് മോഷ്ടാവ് അലമാര തുറന്നത്.
പറമ്പത്ത്കണ്ടി വീട്ടിൽ പി.കെ. റിയാസിന്റെ പരാതിയെ തുടർന്ന് ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ന്യൂ മാഹി പൊലീസും കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ് ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.