റോഡ് നവീകരണം നീളുന്നു; തലശ്ശേരിയിലെ വ്യാപാരം പ്രതിസന്ധിയിൽ
text_fieldsതലശ്ശേരി എ.വി.കെ. നായർ റോഡിൽ ഒരുഭാഗം നവീകരണത്തിന്റെ ഭാഗമായി
പൊളിച്ചപ്പോൾ
തലശ്ശേരി: ലോഗൻസ് റോഡിന് പിന്നാലെ എ.വി.കെ. നായർ റോഡ് നവീകരണവും ഇഴഞ്ഞു നീങ്ങുന്നതോടെ നഗരത്തിലെ വ്യാപാര മേഖല വീണ്ടും പ്രതിസന്ധിയിലായി. ഇന്റർലോക്ക് ചെയ്ത റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. നാരങ്ങാപ്പുറം മണവാട്ടി കവല മുതൽ എ.വി.കെ. നായർ റോഡ് ലുലു ഗോൾഡ് വരെയാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്.
ഒരുഭാഗത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ലോഗൻസ് റോഡ് നവീകരണം മാസങ്ങളെടുത്താണ് പൂർത്തിയായത്. അതേ അവസ്ഥയിലാണ് ഇപ്പോഴുള്ള പ്രവൃത്തിയും. വാഹനങ്ങൾ വരാതായതോടെ കച്ചവടം മന്ദഗതിയിലായെന്നാണ് വ്യാപാരികളുടെ പരിഭവം. റോഡിനടിയിലെ പൈപ്പുകൾ നീക്കുന്ന പ്രവൃത്തിയാണ് ദിവസങ്ങൾ നീണ്ടത്. നിർമാണത്തിന് വേണ്ടത്ര തൊഴിലാളികളില്ലാത്തതും പ്രവൃത്തി മന്ദഗതിയിലാക്കുന്നു.
നഗരത്തിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ ആളുകൾ വരാൻ മടിക്കുകയാണ്. റോഡ് നവീകരണത്തിനായി കുയ്യാലി റെയിൽവേ ഗേറ്റ് ഒരു മാസത്തേക്ക് അടച്ചിട്ടതിനാൽ വാഹനങ്ങൾ പല വഴിക്കായാണ് തിരിച്ചുവിടുന്നത്.
നേരത്തെ പഴയ ബസ് സ്റ്റാൻഡിലായിരുന്നു വ്യാപാര പ്രതിസന്ധിയുണ്ടായിരുന്നത്. വാഹന പാർക്കിങ്ങിന് വലിയ ഇടമില്ലാത്തതിനാൽ ആളുകളെ വട്ടം കറക്കുകയാണ്. റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എ.വി.കെ. നായർ റോഡിലെ വ്യാപാരികൾ സ്പീക്കർ എ.എൻ. ഷംസീറിനെ നേരിൽ കണ്ട് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

