തലശ്ശേരിയിൽ റെഡിമെയ്ഡ് കട കത്തിനശിച്ചു
text_fieldsതലശ്ശേരി: അടച്ചിട്ട റെഡിമെയ്ഡ് കട കത്തിനശിച്ചു. നാരങ്ങാപ്പുറം റോഡിലെ ടെലി ടവറിൽ പ്രവർത്തിക്കുന്ന 'അപ്ഡേറ്റ്സ്' ജെന്റ്സ് റെഡിമെയ്ഡ് കടയാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത് ശ്രദ്ധയിൽപെട്ടത്. വിവരമറിയിച്ചതനുസരിച്ച് തലശ്ശേരി അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള രണ്ട് യൂനിറ്റെത്തിയാണ് തീയണച്ചത്.
കടയിലെ മുഴുവൻ റെഡിമെയ്ഡ് വസ്ത്രങ്ങളും ഫർണിച്ചർ, എ.സി ഉൾപ്പെടെയുള്ള സാധന സാമഗ്രികളും കത്തിനശിച്ചു. പൊന്ന്യംപാലത്തെ സുറൂറിൽ വി.കെ. മുഹമ്മദ് ഷമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സ്ഥാപനത്തിലെ ഇന്റീരിയർ ഉൾപ്പെടെ കത്തിനശിച്ചതിനാൽ 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

