സ്വത്ത് തർക്കം: മകനെ കുത്തിക്കൊന്ന മാതാവിന് ഏഴുവർഷം തടവും പിഴയും
text_fieldsതലശ്ശേരി: സ്വത്ത് തർക്കത്തിൽ ഭർതാവിന്റെ പക്ഷംചേർന്ന് സംസാരിച്ചതിെൻറ വൈരാഗ്യത്തിൽ മകനെ കുത്തിക്കൊന്ന മാതാവിന് തടവും പിഴയും ശിക്ഷ. പയ്യന്നൂർ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ആക്കാളത്ത് വീട്ടിൽ ബീഫാത്തിമയെ (61) യാണ് ഏഴ് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി എം. മുഹമ്മദ് റയീസ് ശിക്ഷിച്ചത്. പ്രതി പിഴയടക്കുന്നില്ലെങ്കിൽ അഞ്ചു മാസം അധിക തടവ് അനുഭവിക്കണം.
2012 സെപ്റ്റംബർ എട്ടിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ നരിക്കോടൻ വീട്ടിൽ എൻ. മുഹമ്മദാണ് പരാതിക്കാരൻ. മുഹമ്മദും ഭാര്യയും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ മകൻ താജുദ്ദീൻ (33) മുഹമ്മദിെൻറ പക്ഷംചേർന്ന് സംസാരിച്ചതിലുള്ള വിരോധം കാരണം മാതാവ് വലിയ പിച്ചാത്തി കൊണ്ട് താജുദ്ദീെൻറ നെഞ്ചിൽ കുത്തിയെന്നും തുടർന്ന് മരിച്ചുവെന്നുമാണ് കേസ്. 19 സാക്ഷികളെ കേസിൽ വിസ്തരിച്ചു. സാക്ഷിയായ മകൾ മജിസ്ട്രേട്ട് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ ഉമ്മക്കെതിരായി മൊഴികൊടുത്തെങ്കിലും വിചാരണസമയത്ത് കൂറുമാറി. പയ്യന്നൂർ സി.ഐ സി.എ. അബ്ദുൽ റഹീമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. അജയകുമാർ ഹാജരായി.