മുൻഗണന റേഷൻ കാർഡ്: അനർഹരെ കണ്ടെത്താൻ നടപടി
text_fieldsതലശ്ശേരി: അനർഹമായി കൈവശം വെച്ച മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ അധികൃതർ ഊർജിതമാക്കി. തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥർ രണ്ടു ദിവസമായി വ്യത്യസ്ത സ്ഥലങ്ങളിൽ വീടുകൾ കയറി നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ച 26 ഓളം കാർഡുകളാണ് പിടികൂടിയത്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം മേഖലയിലാണ് മുൻഗണന കാർഡുകൾ അനർഹമായി കൈവശംവെച്ചവർ കൂടുതലുള്ളതെന്നാണ് വിവരം. ധർമടം പഞ്ചായത്ത് പരിധിയിലെ പാലയാട്, മേലൂർ ഭാഗങ്ങളിലെ 40ഓളം വീടുകളിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ മാത്രം 16 അനധികൃത കാർഡുകൾ കണ്ടെത്തി.
ഇതിനു മുമ്പും ധർമടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് അനർഹമായി കൈവശം വെച്ച നിരവധി മുൻഗണന കാർഡുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിപ്പുണ്ടായിട്ടും അനർഹമായി കാർഡുകൾ കൈവശംവെച്ചവർ തിരിച്ചേൽപിക്കുന്നില്ലെന്നാണ് പരിശോധനയിലൂടെ തെളിയുന്നത്.
വലിയ വീടുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, കാറുൾപ്പെടെയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർ എന്നിവരുടെ കാർഡുകളാണ് പിടികൂടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ എസ്. മധുസൂദനന്റെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പാനൂർ മുനിസിപ്പാലിറ്റിയിലെ കൊച്ചിയങ്ങാടി, പുല്ലൂക്കര പ്രദേശത്തെ വീടുകളിൽ ബുധനാഴ്ച നടന്ന പരിശോധനയിൽ 10 ഓളം കാർഡുകൾ കണ്ടെത്തി.
ധർമടം, പാനൂർ മേഖലയിൽ രണ്ടുദിവസത്തെ പരിശോധനയിൽ എഴുപതോളം കാർഡുകൾ പരിശോധിച്ചപ്പോൾ 26 കാർഡുകൾ അനർഹമായി കൈവശം വെച്ച് ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്തി.
ക്രമക്കേട് കണ്ടെത്തിയ കാർഡുടമകൾക്ക് നോട്ടീസ് നൽകി. പൊതുമാർക്കറ്റിലെ വില അനുസരിച്ച് ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വില ഈടാക്കുന്നതാണ് ശിക്ഷനടപടി.
താലൂക്ക് സപ്ലൈ ഓഫിസർക്ക് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസി. താലൂക്ക് സപ്ലൈ ഓഫിസർ വി.കെ. ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ എം.പി. സുനിൽകുമാർ, ഷാബു ഉച്ചുമ്മൽ, ഡി. ഗീതാദേവി, പി. രാജീവൻ, കെ. രജീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

