ഈ കുഴി അടക്കാൻ ആരുമില്ലേ? യാത്രക്കാർക്ക് ഭീഷണിയായി മൂഴിക്കരയിൽ റോഡിലെ അപകടക്കുഴി
text_fieldsമൂഴിക്കര റോഡിലെ അപകടക്കുഴി
തലശ്ശേരി: ചമ്പാട് റൂട്ടിൽ മൂഴിക്കരയിൽ റോഡിലുള്ള അപകടക്കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കും ഓട്ടോ യാത്രക്കാർക്കുമാണ് കുഴി ഭീഷണിയാവുന്നത്. ദിവസം ചെല്ലുന്തോറും കുഴി വലുതായി മാറിയിട്ടും കാര്യം മുന്നറിയിപ്പിലൊതുക്കി മാറിനിൽക്കുകയാണ് അധികാരികൾ. ഏതാണ്ട് ഒരു മാസം മുമ്പാണ് റോഡരികിൽ ടാറിങ് താഴ്ന്ന് കുഴി രൂപപ്പെട്ടത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ ടാറിങ് കൂടുതൽ അടർന്നു താഴ്ന്ന് തീർത്തും അപകടാവസ്ഥയായി.
ഡ്രൈവിങ്ങിനിടെ ദൂരെനിന്ന് കുഴി കാണാനാവില്ല. തൊട്ടടുത്തെത്തിയാൽ മാത്രമെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുകയുള്ളൂ. പെട്ടെന്ന് കുഴികണ്ടാൽതന്നെ എതിരെ വാഹനം വരുന്നതിനാൽ വെട്ടിക്കാനുമാവില്ല. പരാതികൾ ഏറിയതോടെ രണ്ടാഴ്ചമുമ്പ് റിഫ്ലക്ടർ സ്റ്റിക്കർ പതിച്ച ടാർ വീപ്പകൾ നിരത്തിവെച്ച് അധികൃതർ മടങ്ങി. ഇതര സ്ഥലങ്ങളിൽനിന്ന് ഇന്ധനം നിറക്കാൻ പെട്രോൾ പമ്പുകളിലേക്കടക്കം ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.
തലശ്ശേരി-കോപ്പാലം-പാനൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളടക്കമുള്ളവ വേറെയും. തിരക്ക് ഒഴിയാത്ത റോഡിലെ അപകടക്കുഴിയുടെ കാര്യം മുന്നറിയിപ്പിൽ മാത്രമൊതുക്കാതെ നികത്താൻ അധികാരികൾ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം. ഇതിനു സമീപത്തായി ജലനിധി കുടിവെള്ള വിതരണ പൈപ്പിടാൻ റോഡിനു കുറുകെ കുഴിയെടുത്തത് യഥാവിധി മൂടാത്തതും വാഹന യാത്രികർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

