പൊന്ന്യത്തങ്കം; കളരി അക്കാദമിയും മ്യൂസിയവും യാഥാര്‍ഥ്യമാക്കാൻ നടപടി
text_fieldsപൊന്ന്യത്തങ്കം നടത്തിപ്പുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയിൽ
നടന്ന ഉന്നതതല യോഗം
തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി കേരള ഫോക്ലോര് അക്കാദമിയുടെ സഹകരണത്തോടെ വര്‍ഷംതോറും നടത്തിവരുന്ന പൊന്ന്യത്തങ്കത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.
ഈ വര്‍ഷം ഫെബ്രുവരി 21 മുതല്‍ 27 വരെ നടത്താന്‍ തീരുമാനിച്ചിട്ടുള്ള പൊന്ന്യത്തങ്കം വിപുലമായി നടത്തുന്നതിനായി നോണ്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ പ്രൊപ്പോസല്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിനും ഫോക് ലോര്‍ അക്കാദമിക്ക് അനുവദിക്കപ്പെട്ട തുകയില്‍ നിന്നും മുന്‍വര്‍ഷത്തെ കുടിശ്ശികത്തുകയായ ആറര ലക്ഷം രൂപ അടിയന്തരമായി കൊടുത്തുതീര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു.
പൊന്ന്യം ഏഴരക്കണ്ടത്ത് കളരി അക്കാദമിയും മ്യൂസിയവും യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനും അതു സംബന്ധിച്ച വിശദമായി പ്രോജക്ട് റിപ്പോര്‍ട്ട് സാംസ്കാരിക വകുപ്പിന് സമര്‍പ്പിക്കുന്നതിനും ഈ പരിപാടിയില്‍ തന്നെ ശിലാസ്ഥാപനം നടത്തുന്നതിനും തീരുമാനിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാസ്കാരിക വകുപ്പ് ഡയറക്ടറും സംഘവും സ്ഥലം സന്ദര്‍ശിക്കും.
സാംസ്കാരിക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ, ഡയറക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചി, ഫോക്ലോര് അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണികൃഷ്ണന്, കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനില്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന് നായര്‍, അഡീഷനല്‍ പി.എസ് എസ്.കെ. അര്ജുന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

