പൊലീസ് സേനക്ക് ജനസൗഹൃദ മുഖം -മുഖ്യമന്ത്രി
text_fieldsതലശ്ശേരി സബ് ഡിവിഷനല്‍ പൊലീസ് ഓഫിസിലെ നോളജ് റിപ്പോസിറ്ററി സെന്ററിന്റെ പ്രവർത്തനം കണ്ണൂര്‍ സിറ്റി പൊലീസ്
കമീഷണര്‍ പി. നിധിന്‍രാജ് വിശദീകരിക്കുന്നു
തലശ്ശേരി: കേരളത്തിലെ പൊലീസ് സേനക്ക് ജനസൗഹൃദ മുഖം നല്‍കിയതും പൊലീസ് സ്റ്റേഷന്‍ എന്ന പഴയ സങ്കല്‍പം മാറിയ കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനും ആധുനീകരിക്കാനും തലശ്ശേരി സബ് ഡിവിഷനല്‍ പൊലീസ് ഓഫിസില്‍ സജ്ജമാക്കിയ 'നോളജ് റിപ്പോസിറ്ററി സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ 10 വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങളില്‍ വൻമാറ്റമാണ് ഉണ്ടായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുറ്റാന്വേഷണങ്ങളില്‍ ഒരു ബാഹ്യ ഇടപെടലുകളും ഉണ്ടാവുന്നില്ല. സ്വതന്ത്രവും നീതിയുക്തമായും അന്വേഷണങ്ങള്‍ പൂര്‍ത്തീയാകാന്‍ സാധിക്കുന്നത് അന്വേഷണത്തിൽ പൊലീസിന്റെ മികവ് വര്‍ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒന്നും ഇല്ലാതെ മാറ്റിയെടുക്കാന്‍ പൊലീസ് സംവിധാനത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
30 ലക്ഷം രൂപ ചെലവഴിച്ചാണ് വിജ്ഞാനകേന്ദ്രം ഒരുക്കിയത്. സേനാംഗങ്ങള്‍ക്കിടയില്‍ വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിക്കാനുമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാൻ ആവശ്യമായ ഗവേഷണ-പരിശീലന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. നിയമ പുസ്തകങ്ങള്‍, മാനുവലുകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, കേസുകളുടെ പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള വിവരശേഖരമാണ് ഒരുക്കിയത്.
നിയമപരമായ മാനുവലുകള്‍ക്കും പൊലീസ് നടപടി ക്രമങ്ങള്‍ക്കും പ്രത്യേക ലൈബ്രറി വിഭാഗവും റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷഹനാസ് മന്‍സൂര്‍, പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, ഉത്തര മേഖല ഐ.ജി.പി രാജ്പാല്‍ മീണ, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍രാജ്, കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദ്, കണ്ണൂര്‍ സിറ്റി അഡീഷനല്‍ എസ്.പി സജേഷ് വാഴളാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

