തലശ്ശേരിയിൽ പേ പാർക്കിങ് തുടങ്ങി; പിന്നാലെ പ്രതിഷേധവും
text_fieldsതലശ്ശേരി ആശുപത്രി റോഡിലെ പേ പാർക്കിങ്
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിൽ നഗരസഭയുടെ പേ പാർക്കിങ് സംവിധാനം ബുധനാഴ്ച രാവിലെ മുതൽ നിലവിൽ വന്നു. ഇതിനിടയിൽ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും അരങ്ങേറി. റോഡിന്റെ ഇരുഭാഗത്തുമായാണ് വാഹനപാർക്കിങ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വശത്ത് കാറുകളും എതിർഭാഗത്ത് ഇരുചക്രവാഹനങ്ങൾക്കുമാണ് പാർക്കിങ്.
മൂന്ന് മണിക്കൂർ നേരത്തേക്ക് കാറുകൾക്ക് 20 രൂപയും ഇരു ചക്രവാഹനങ്ങൾക്ക് 10 രൂപയുമാണ് ഈടാക്കുന്നത്. കുടുംബശ്രീ പ്രവർത്തകരെയാണ് പേ പാർക്കിങ്ങിന് ഫീസ് പിരിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. നഗരമധ്യത്തിലെ പ്രധാന റോഡ് പാർക്കിങ്ങിനായി വിട്ടുനൽകിയ നഗരസഭയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി റോഡിൽ സമരവും സംഘടിപ്പിച്ചു.
ലീഗ് നേതാവ് അഡ്വ.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനം തിരഞ്ഞെടുത്ത 52 കൗൺസിലർമാരെയും നോക്കുകുത്തിയാക്കിയാണ് ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാടൻ സംവിധാനം തലശ്ശേരി പട്ടണത്തിൽ നടപ്പാക്കിയതെന്ന് ലത്തീഫ് ആരോപിച്ചു. നിയമ വിരുദ്ധമായ നടപടിക്കെതിരെ നഗരസഭ അധികാരികളെ കൊണ്ട് മറുപടി പറയിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എ.കെ. സക്കരിയ അധ്യക്ഷത വഹിച്ചു. ഇ. വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.
എൽ.എസ്. പ്രഭു സ്മാരക മന്ദിര പരിസരത്തുനിന്നും പ്രകടനമായെത്തി നഗരം ചുറ്റിയ ശേഷമാണ് ആശുപത്രി റോഡിൽ ധർണ നടത്തിയത്. അഡ്വ.സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, എൻ. മഹമൂദ്, കെ.ഇ. പവിത്ര രാജ്, കൗൺസിലർ പി.കെ. സോന, പി.കെ. രാഗിണി, എ. ഷർമിള തുടങ്ങിയവർ നേതൃത്വം നൽകി.