തെരുവു കച്ചവടം നിയന്ത്രിക്കുന്നതിന് നടപടിയില്ല; വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭത്തിന്
text_fieldsതലശ്ശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ തെരുവു കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭത്തിനിറങ്ങുന്നു. നഗരസഭ അനുവദിച്ച ലൈസൻസുള്ളവരും ഇല്ലാത്തവരും വ്യാപകമായി തെരുവോരങ്ങൾ കൈയടക്കി കച്ചവടം നടത്തുകയാണ്.
അംഗീകാരമില്ലാത്ത വ്യാപാരം നിയന്ത്രിക്കണമെന്നും തെരുവോര കച്ചവടക്കാർക്ക് പ്രത്യേക സ്ഥലം അനുവദിച്ച് അവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കച്ചവടം ചെയ്യുന്ന തെരുവോര കച്ചവടക്കാരെ അവിടെനിന്ന് നീക്കം ചെയ്യണമെന്നും സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രദർശനങ്ങൾ എന്ന പേരിലും വ്യാപകമായ തോതിൽ അനധികൃതമായി തെരുവോര കച്ചവടം നടക്കുന്നുണ്ട്. നഗരസഭ അംഗീകരിച്ച തെരുവോര കച്ചവടത്തിന് അർഹതയില്ലാത്തവരും വ്യാപകമാണ്. എല്ലാ നിയമവും അനുസരിച്ച് കച്ചവടം ചെയ്തുവരുന്ന വ്യാപാരികളെ നിരന്തരം കടയിൽ പരിശോധന നടത്തി വലിയ പിഴ ചുമത്തുന്ന പ്രവണത വ്യാപകമായിട്ടുണ്ട്.
ആശാസ്യകരമല്ലാത്ത തെറ്റായ നടപടികൾക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ പറഞ്ഞു. 14ന് തലശ്ശേരി നഗരസഭ ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ 10.30ന് സമിതി ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്യും. ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും.
വാർത്തസമ്മേളനത്തിൽ കെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, സി.പി.എം. നൗഫൽ, കെ.എ. ജഗദീഷ് ബാബു, ടി. ഇസ്മായിൽ, ഇല്യാസ് ചാത്താടി, റഫീഖ് കാത്താണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

