നിധിൻരാജ് മരണം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ചിൽ സംഘർഷം
text_fieldsനീലേശ്വരം: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആർ.എൽ. നിധിൻരാജിന്റെ മരണത്തിൽ കുറ്റാരോപിതനായ ഡോ. എം.കെ. റാമിനെതിരെ ധർമടം പഞ്ചായത്തിലും കടുത്ത പ്രതിഷേധം.ഡോ. എം.കെ. റാമിന്റെ ഉടമസ്ഥതയിലുള്ള പാലയാട് ചിറക്കുനിയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. നിധിൻരാജ് മരിച്ചതല്ല, കൊന്നതാണ്... എന്ന ബാനർ ഉയർത്തി പാലയാട് അബു - ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നാണ് യുവതീ- യുവാക്കൾ അണിനിരന്ന മാർച്ച് ആരംഭിച്ചത്.
മാർച്ച് ക്ലിനിക് സ്ഥിതിചെയ്യുന്ന ചിറക്കുനി ബസാറിലേക്ക് എത്തുമ്പോഴേക്കും സ്ഥലം പൊലീസ് നിയന്ത്രണത്തിലായി. ക്ലിനിക്കിന്റെ പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു. ഈ സമയം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസുമായി ഉന്തുംതള്ളുമായി. തടയാനായി പിറകെ പൊലീസ് എത്തിയെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല.ഡോ. റാമിന് മാപ്പില്ല എന്ന മുദ്രാവാക്യവുമായി ക്ഷുഭിതരായെത്തിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഡി.വൈ.എഫ്.ഐ ധർമടം നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. വി. ശരത് അധ്യക്ഷത വഹിച്ചു. അനുശ്രീ കേളോത്ത് സംസാരിച്ചു.ധർമടം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.കെ. നിധീഷ്, സബ് ഇൻസ്പെക്ടർ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ കതിരൂർ, തലശ്ശേരി, ധർമടം, പിണറായി, ന്യൂമാഹി സ്റ്റേഷനുകളിൽനിന്നുള്ള സേനാംഗങ്ങളും എ.എസ്.പിയുടെ സ്ട്രൈക്കിങ് ഫോഴ്സും ഉൾപ്പെടെയുള്ള ശക്തമായ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

