നെതന്യാഹു ഭൂതകാലം വിസ്മരിക്കുന്നു -എം. മുകുന്ദൻ
text_fields'ഗസ്സയുടെ പേരുകൾ' ഫലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ തലശ്ശേരിയിൽ എഴുത്തുകാരൻ
എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി: ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലകൾ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും വേദനയുളവാക്കുന്നതാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. രണ്ടാം ലോകമഹായുദ്ധകാലത്തെ ഹോളോകോസ്റ്റും ജൂതഹത്യകളും മറന്നാണ് നെതന്യാഹു ഈ നരകീയത അഴിച്ചുവിടുന്നത്. സ്വന്തം ഭൂതകാലത്തെ മറന്ന വ്യക്തിയാണ് അയാൾ. ഒരു കാലത്ത് സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും കേന്ദ്രമായിരുന്ന, യേശുദേവന്റെ പാദസ്പർശമേറ്റ ഗസ്സയാണ് ഇന്ന് ചോരക്കളമായി മാറിയിരിക്കുന്നത്. 60കളിൽ ആരംഭിച്ച ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിന്റെ ഉന്നതമായ പരിസമാപ്തിയാണ് ഇന്ന് നടക്കുന്നത്.
മുമ്പ് ഗസ്സയിൽ ഇസ്രായേൽ നടപ്പിലാക്കിയത് അടിയന്തരാവസ്ഥയേക്കാൾ നൂറോ, ആയിരമോ ഇരട്ടി വലുപ്പമുള്ള അവസ്ഥയായിരുന്നു. അന്ന് എഴുത്തുകാരുടെയും കലാകാരന്മാരുടെയും ശബ്ദങ്ങളെ അടിച്ചമർത്തിയെങ്കിൽ ഇന്ന് ഗസ്സയിലെ ഒരു ജനതയുടെ മുഴുവൻ ശബ്ദവും ഇല്ലാതാക്കിയിരിക്കുകയാണ്. എണ്ണമറ്റ കുട്ടികളെയും മനുഷ്യരെയും കൊന്നൊടുക്കി. ഒരു സംസ്കാരസമ്പന്നമായ മഹാനഗരത്തെത്തന്നെ ഇല്ലായ്മ ചെയ്ത വിനാശത്തിന്റെ ഭൂമിയായി ഗസ്സ മാറിയെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ന്യൂയോർക്കിലും നെതന്യാഹുവിന്റെ ഇസ്രായേലിൽ പോലും പ്രതിഷേധങ്ങൾ നടക്കുന്നത് ആശ്വാസം നൽകുന്നതായും അദ്ദേഹം പറഞ്ഞു.
"ഗസ്സയുടെ പേരുകൾ' ഫലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ
'ഗസ്സയുടെ പേരുകൾ' ഫലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ തലശ്ശേരിയിൽ നടന്നു. ചിന്ത രവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായാണ് പരിപാടി. കസ്റ്റംസ് റോഡിലെ ഓപൺ സ്റ്റേജിൽ എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പ്രഫ. എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. എസ്. സിതാര, സി.കെ. രമേശൻ, കാരായി രാജൻ, ഡോ. എ. വത്സലൻ, പ്രിയ വർഗീസ്, സുധ അഴീക്കോടൻ, പ്രഫ. എൻ. സുഗതൻ, അഡ്വ. ജഗദാബായ് എന്നിവർ സംസാരിച്ചു. സീതാനാഥ് സ്വാഗതം പറഞ്ഞു.
സർവിസ് സംഘടനകൾ, വിദ്യാർഥികൾ, വനിതകൾ, പെൻഷൻ സംഘടനകൾ, പുരോഗമന പ്രസ്ഥാനങ്ങൾ, അധ്യാപകർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ഗായക സംഘത്തിന്റെ സ്വാഗതഗാനം, ഏകാംഗ നാടകം, വിദ്യാർഥികളുടെ സ്കിറ്റ് എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

