സുരക്ഷയില്ലാ കെട്ടിടങ്ങൾ നിരവധി
text_fieldsപ്രതീകാത്മക ചിത്രം
തലശ്ശേരി: അപകടഭീതിയിലുള്ള നഗരമധ്യത്തിലെ പഴകിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാവുന്നു. സുരക്ഷയില്ലാത്ത കെട്ടിടങ്ങൾ നഗരത്തിൽ നിരവധിയാണ്. പഴകിയ കെട്ടിടങ്ങളിൽ കൂട്ടിയെടുപ്പ് നടത്തിയതിനുനേരെ അധികൃതർ കണ്ണടക്കുകയാണ്. കാലപ്പഴക്കമേറെയുള്ള കെട്ടിടങ്ങളിലാണിത് നടക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിൽ ചൊവ്വാഴ്ച രാവിലെ മുകൾഭാഗം ഇടിഞ്ഞ ആധാരം എഴുത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം നഗരസഭ അധികൃതരുടെ കൺവെട്ടത്താണ്.
നഗരത്തിലെ അഞ്ച് ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളടക്കം സദാസമയവും ആളുകൾ സഞ്ചരിക്കുന്ന വഴിയിലാണ് അപകടമുണ്ടായതെന്നത് ഭീതി വർധിപ്പിക്കുന്നു. നഗരത്തിലെ ഓരോ റോഡിലും അപകടഭീതിയുണർത്തുന്ന നിരവധി കെട്ടിടങ്ങളുണ്ട്. ഇതിന്റെ ഫിറ്റ്നസ് ആരും പരിശോധിക്കാറില്ല.
പഴയ ബസ് സ്റ്റാൻഡ് ഓടത്തിൽ പള്ളി പരിസരം, കടൽപാലം പരിസരം, ബീച്ച് റോഡ്, മെയിൻ റോഡ്, പിലാക്കൂൽ തുടങ്ങി പ്രധാന പാതകളിലെല്ലാം ഭീഷണി നേരിടുന്ന നിരവധി കെട്ടിടങ്ങളുണ്ട്. പഴയ ബസ് സ്റ്റാൻഡിലെ കെ.ആർ ബിസ്കറ്റ് കമ്പനിയുടെ കോൺക്രീറ്റ് ബീം പൊളിഞ്ഞുവീണത് ഈയടുത്ത കാലത്താണ്. ഇതിനുമുമ്പ് മെയിൻ റോഡ് വാധ്യാർ പീടിക ഭാഗത്തും പിലാക്കൂലിലും പഴകിയ കെട്ടിട ഭാഗങ്ങൾ ഇടിഞ്ഞുവീണ സംഭവങ്ങളുമുണ്ടായി. അപകടങ്ങൾ ആവർത്തിക്കുമ്പോഴും കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തലശ്ശേരി ടൗണും കടലും അടുത്തായതിനാൽ ഉപ്പുകാറ്റേറ്റ് കെട്ടിടങ്ങൾക്ക് ബലക്ഷയം നേരിടുന്ന സാഹചര്യവുമുണ്ട്.
‘ഉത്തരവാദി നഗരസഭ’
തലശ്ശേരി: എം.ജി റോഡിൽ കെട്ടിടം തകർന്ന് വീഴാനുണ്ടായ സംഭവത്തിൽ നഗരസഭയാണ് ഉത്തരവാദിയെന്ന് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ഇത്തരം അപകടകരമായ കെട്ടിടങ്ങളുടെ കാര്യത്തിൽ പരിശോധന നടത്തി നടപടി നഗരസഭ സ്വീകരിക്കുന്നില്ല. അനധികൃതമായ നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു. സാധാരണക്കാർ നിർമാണങ്ങൾക്ക് അപേക്ഷ നൽകിയാൽ നിയമപ്രശ്നങ്ങൾ ഉന്നയിച്ച് നിഷേധിക്കുന്ന നടപടിയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പരിശോധിക്കും -നഗരസഭ ചെയർമാൻ
തലശ്ശേരി: അപകടത്തിൽപെട്ട കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും നഗരസഭ എൻജിനീയറിങ് വിഭാഗം പരിശോധിച്ചിട്ടുണ്ട്. മറ്റ് അപകട സാധ്യതയില്ല. നഗരത്തിലെ പഴയ കെട്ടിടങ്ങൾ പരിശോധിച്ച് വരുകയാണെന്നും ദുരന്തനിവാരണ സേനക്ക് രൂപംനൽകിയതായും സെക്രട്ടറിയും ചെയർമാനുമടക്കമുള്ള കമ്മിറ്റി രൂപവത്കരിച്ചതായും നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പറഞ്ഞു.
നടുക്കം മാറാതെ രാജിയും രജിനയും
തലശ്ശേരി: രാവിലെ ഓഫിസിലെത്തി ജോലി തുടങ്ങിയതേയുള്ളൂ. പെട്ടെന്നായിരുന്നു ഇടിമുഴക്കംപോലെ കെട്ടിടത്തിലെ ഞാലികൾ പൊട്ടിവീണത്. ശബ്ദംകേട്ടയുടനെ ജീവനും കൊണ്ട് ഗോവണിയിലൂടെ ഇറങ്ങിയോടുകയായിരുന്നു. താഴെയിറങ്ങി നിമിഷങ്ങൾക്കകം കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. 25 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് എരുവട്ടി സ്വദേശി സി രാജി.
മൂന്ന് വർഷമായി കൂടെയുള്ള പൂക്കോം സ്വദേശി രജിന സത്യനും ഇത് പുനർജന്മമാണ്. അഡ്വ. സി.ഒ. പ്രദീഷ് ഉൾപ്പെടെയുള്ളവർ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കെട്ടിടത്തിന്റെ താഴെയുള്ള ശാന്ത സ്റ്റോറും എസ്.എസ് മണിയൻ ലോട്ടറി ഏജൻസി സ്റ്റാളും അപകടത്തെ തുടർന്ന് അടച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

