അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു
text_fieldsകനകരാജ്, സന്തോഷ് കുമാർ, മാരി ശെൽവം
തലശ്ശേരി: വർഷങ്ങളായി അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും ആക്രി ഇടപാടുകാരും പിടിയിലായി.വീനസ് കോർണറിലെ സിറ്റി സെന്ററിന് പിറകിലുള്ള സതേൺ വിനിയേഴ്സ് ആൻഡ് വുഡ് വർക്സ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കതിരൂർ ആറാം മൈലിലെ കനകരാജ് (64), ആക്രി ഇടപാടുകാരായ പാട്യത്തെ മാരി ശെൽവം (30), വടകര പുറമേരിയിലെ വി. സന്തോഷ് കുമാർ (29) എന്നിവരാണ് പിടിയിലായത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യന്ത്രങ്ങൾ കാണാനില്ലെന്ന കമ്പനി മാനേജർ പിണറായി പാണ്ട്യാലമുക്കിലെ ശ്രുതിലകത്തിൽ രാജഗോപാലൻ നായരുടെ പരാതിയിൽ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങിയത്.
ആഗസ്റ്റ് 30നും ഒക്ടോബർ 13നും ഇടയിലുള്ള സമയത്താണ് കളവ് നടന്നതെന്നാണ് പരാതി. കമ്പനിയിൽ മരങ്ങൾ ഈർച്ച നടത്താൻ തടികൾ യന്ത്രത്തിലേക്ക് ഉരുട്ടി കൊണ്ടുപോകുന്ന റെയിലിന്റെ ഒരുഭാഗവും മരം ഉരുട്ടാൻ ഉപയോഗിക്കുന്ന ഇരുമ്പിന്റെ നാല് ടയറുകളും സ്റ്റാൻഡും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് കവർന്നതായി കണ്ടെത്തിയത്. ആദ്യം കമ്പനിയിലെ സെക്യൂരിറ്റിക്കാരനെയാണ് ചോദ്യം ചെയ്തത്. ചില സൂചനകൾ ലഭിച്ചതോടെ ആക്രിക്കച്ചവടക്കാരിലേക്ക് അന്വേഷണ സംഘം നീങ്ങി. ഇരുവരും കുറ്റം സമ്മതിച്ചു.
സാധനങ്ങൾ മറിച്ചുവിറ്റതിൽ ഒരു ഭാഗം വടകര പുറമേരി വെള്ളൂരിലെ ആക്രിക്കടയിൽനിന്ന് പൊലീസ് വീണ്ടെടുത്തു. വീനസ് കോർണറിലെ സിറ്റി സെന്ററിന് പിറകിലായി വിശാലമായ സ്ഥലത്തെ മതിൽ കെട്ടിനുള്ളിലാണ് മരമില്ലുള്ളത്. പ്രമുഖ പ്ലൈവുഡ് വ്യവസായി അന്തരിച്ച എ.കെ. കാദർകുട്ടി സാഹിബായിരുന്നു മരമില്ലിന്റെ സ്ഥാപകൻ. 25 ലക്ഷം രൂപ വില മതിക്കുന്ന ഉരുപ്പടികളാണ് കടത്തിക്കൊണ്ടുപോയത്. കേസിൽ ഒന്നാം പ്രതിയാണ് ഇതേ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന കനകരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

