യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്: ഏഴുപേർ അറസ്റ്റിൽ
text_fieldsതലശ്ശേരി: പണം തട്ടിയെടുക്കാൻ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ഏഴു പേർ അറസ്റ്റിൽ. ഗോപാലപേട്ട ലീല നിവാസിൽ പി.വി. ധീരജിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലാണ് അറസ്റ്റ്.
പുന്നോൽ അമൃത വിദ്യാലയത്തിന് സമീപം എം.പി. ലയേഷ് (46), സുഹൃത്തുക്കളായ മൂഴിക്കര സ്നേഹ ദീപത്തിൽ നോയൽ ലാൻസി (36), മുഴപ്പിലങ്ങാട്ടെ ദിമിത്രോവ് (46), മൊകേരി ഇന്നസിൽ എ.പി. ഷക്കീൽ (41), ധർമടം മീത്തലെ പീടിക ഫാത്തിമ ക്വാർട്ടേഴ്സിൽ മുഹമ്മദ് ഫർഹാൻ ബിൻ ഇബ്രാഹിം (27), പുന്നോൽ റെയിൽവേ ഗേറ്റിനടുത്ത നജീഘറിൽ പി.കെ. നിസാം (26), പുന്നോൽ കരീക്കുന്ന് ജീന വില്ലയിൽ ജിജേഷ് ജെയിംസ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സൈദാർ പള്ളിക്കടുത്ത കടയിൽ മൊബൈൽ ചാർജ് ചെയ്യാനെത്തിയ ധീരജിനെ കാറിലെത്തിയ നാലംഗ സംഘം 18ന് വൈകീട്ട് അഞ്ചരയോടെയാണ് തട്ടിക്കൊണ്ടുപോയത്. പണമുള്ള ബാഗ് എവിടെയെന്ന് ചോദിച്ച് മർദിച്ചതായും പരാതിയിൽ പറയുന്നു. പണം വീട്ടിൽ സൂക്ഷിച്ചതായി അറിയിച്ചതനുസരിച്ച് വീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. രാത്രി 10ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇറക്കിവിട്ടു. കാസർകോടുനിന്ന് രണ്ടര കോടി രൂപ ലഭിച്ചുവെന്ന പ്രചാരണം വിശ്വസിച്ചാണ് പിടിച്ചുകൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
ഒളവിലം സ്വദേശി രാജേഷിനോടാണ് തന്റെ കൈയിൽ പണമുണ്ടെന്ന് ആദ്യം പറഞ്ഞത്. രാജേഷ് സുഹൃത്തും കുഴൽപണം തട്ടിപ്പറിച്ച കേസിൽ പ്രതിയുമായ ലയേഷിന് വിവരം നൽകി. തുടർന്നാണ് കാറിൽ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തത്.
ഏതാനും ദിവസമായി ആഡംബര ജീവിതമായിരുന്നു ധീരജിന്റേത്. ‘സ്വർണാഭരണം’ ധരിച്ചാണ് പുറത്തിറങ്ങാറ്. ആളുകളെ കബളിപ്പിക്കാൻ തിരൂർ പൊന്നാണ് ധരിച്ചതെന്ന് പരാതിക്കാരൻ സമ്മതിച്ചു. എൽ.ഐ.സിയിൽനിന്ന് അടുത്തിടെ കിട്ടിയ തുക ഉപയോഗിച്ചാണ് ആഡംബര ജീവിതം നയിച്ചത്.