കേരള രഞ്ജി ടീം: കണ്ണൂരിന്റെ അഭിമാന താരങ്ങളായി സൽമാൻ നിസാറും വരുൺ നായനാരും
text_fieldsതലശ്ശേരി: 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി കേരള ടീമിലേക്ക് കണ്ണൂർ ജില്ലക്കാരായ സൽമാൻ നിസാറും വരുൺ നായനാരും തെരഞ്ഞെടുക്കപ്പെട്ടു. ടീമിന്റെ പരിശീലകനായി തലശ്ശേരിക്കാരനായ ഒ.വി. മസർ മൊയ്തുവുമുണ്ട്. ഫെബ്രുവരി 17 മുതൽ രാജ്കോട്ടിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ കേരളം എലൈറ്റ് ഗ്രൂപ് എ യിലാണ്. മേഘാലയ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. സച്ചിൻ ബേബിയാണ് ടീം ക്യാപ്റ്റൻ.
2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെ ഭാഗമായിരുന്നു സൽമാൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമാണ് സൽമാൻ നിസാർ. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 23 കേരള ടീമുകളിൽ അംഗമായിരുന്നു. സ്ഥിരതയാർന്ന പ്രകടനമാണ് ഇടം കൈയ്യൻ മധ്യനിര ബാറ്റ്സ്മാനായ സൽമാന് കേരള ടീമിൽ സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്. തലശ്ശേരി ചേറ്റംകുന്നിലെ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനാണ്.
ഇതാദ്യമായാണ് വരുൺ നായനാർ രഞ്ജി ട്രോഫി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2019ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ വരുൺ പുറത്താകാതെ 19 റൺസ് നേടിയിരുന്നു. അണ്ടർ 14, അണ്ടർ 16 വിഭാഗങ്ങളിൽ കേരളത്തെ വരുൺ നയിച്ചിട്ടുണ്ട്. 2016ൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉത്തരമേഖല അണ്ടർ 14 ക്രിക്കറ്റ് ടൂർണമെൻറിൽ കാസർകോടിനെതിരെ കണ്ണൂരിന്റെ വിജയത്തിൽ മിന്നുന്ന പ്രകടനവുമായിട്ടായിരുന്നു അരങ്ങേറ്റം.
വലം കൈയൻ ബാറ്റ്സ്മാനായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിന്റെയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടെയും മകനാണ്. വരുൺ നായനാർ ജനിച്ചത് പയ്യന്നൂർ ആണെങ്കിലും വളർന്നത് ദുബൈയിലാണ്. 2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും 2017-18 സീസണിൽ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും സഹപരിശീലകനായിരുന്നു മസർ. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ഫീൽഡിങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. 2012-13ൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച അക്കാദമി പരിശീലകനുള്ള അവാർഡ് നേടി. കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു.
സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ല ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. തലശ്ശേരി ചേറ്റംകുന്ന് ഗസലിൽ ടി.സി.എ മൊയ്തുവിന്റെയും ഒ.വി. ഷൈലയുടെയും മകനാണ്. ആയിശ മിനയാണ് ഭാര്യ.

