കേരള ഫ്യുച്ചർ ടെക്നോളജി ഹബ് ലോഗോ പ്രകാശനം ചെയ്തു
text_fieldsതലശ്ശേരി: വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി എൻജിനീയറിങ് കോളജിൽ ഇ. നാരായണൻ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷതവഹിച്ചു. സഹകരണരംഗത്തെ മുതിർന്ന നേതാവായിരുന്ന ഇ. നാരായണന്റെ ചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കുസാറ്റ് എം.ബി.എയിൽ രണ്ടാം റാങ്ക് നേടിയ എ.ടി. ഷിൻജുൽ, സംസ്ഥാനത്തെ മികച്ച എൻ.സി.സി കാഡറ്റ് എ.പി. യഥുൻ, എൻ.പി.ടി.ഇ.എൽ എലൈറ്റ് ഗോൾഡ് മെഡൽ നേടിയ ടി.ആർ. മാളവിക, വി.കെ. ദേവപ്രിയ, പി.വി. ദൃശ്യ എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. ഇ. നാരായണന്റെ കുടുംബാംഗങ്ങളെ ആദരിച്ചു.
ഷംസീർ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 2.40 കോടി രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ഒരേസമയം 1400 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഓഡിറ്റോറിയത്തിലുള്ളത്. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ സി. സവിത റിപ്പോർട്ടവതരിപ്പിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ കോളജ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. കേപ്പ് ഡയറക്ടർ ഡോ. വി.എ. താജുദ്ദീൻ അഹമ്മദ്, കേരള ഫ്യുച്ചർ ടെക്നോളജി ഹബ് ലോഗോ പ്രകാശനം ചെയ്തു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, എരഞ്ഞോളി പഞ്ചായത്ത് അംഗം കെ.വി. നിമിഷ, കോളജ് പ്രിൻസിപ്പൽ ഡോ. എബി ഡേവിഡ്, മുൻ പ്രിൻസിപ്പൽ ഡോ. പി. രാജീവ്, എൻജിനീയറിങ് കോളജ് സ്റ്റാഫ് ക്ലബ് പ്രസിഡന്റ് പ്രഫ. ടി.വി. രേഷ്മ, കോളജ് യൂനിയൻ പ്രതിനിധി ബി. അരുൺജിത്ത്, അലുമ്നി അസോസിയേഷൻ ട്രഷറർ എ.കെ. അനസ്, പി.ടി.എ വൈസ് പ്രസിഡന്റ് പി. അജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

