'ശനിയാഴ്ച പരീക്ഷ നടത്താനുള്ള കണ്ണൂർ സർവകലാശാലയുടെ തീരുമാനം സർക്കാർ ഉത്തരവിന് വിരുദ്ധം'
text_fieldsതലശ്ശേരി: യു.ജി.സി റെഗുലേഷനും സംസ്ഥാന സർക്കാറിന്റെ ഉത്തരവിനും വിരുദ്ധമായി ഡിസംബറിൽ രണ്ട് ശനിയാഴ്ചകളെ പരീക്ഷ ദിവസങ്ങളാക്കി പ്രഖ്യാപിച്ച കണ്ണൂർ സർവകലാശാലയുടെ തീരുമാനം കടുത്ത അധ്യാപക വിരുദ്ധ നീക്കത്തിന്റെ തുടർച്ചയാണെന്ന് ഗവൺമെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ യൂനിവേഴ്സിറ്റി സോണൽ കമ്മിറ്റി യോഗം ആരോപിച്ചു. യു.ജി.സി നിർദേശിച്ച ജോലിഭാരക്രമപ്രകാരം ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. പ്രകൃതിക്ഷോഭം പോലെയുള്ള അടിയന്തര സാഹചര്യം മൂലം പ്രവൃത്തി ദിനം നഷ്ടപ്പെട്ടാൽ മാത്രമാണ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാറുള്ളത്.
എന്നാൽ, ഇത്തരം സാഹചര്യങ്ങളൊന്നുമില്ലാതെ ശനിയാഴ്ച പരീക്ഷ നടത്താമെന്ന തീരുമാനം അക്കാദമികപരമായും നിയമപരമായും അംഗീകരിക്കാനാവില്ല. കെ-റീപ് സോഫ്റ്റ്‌വെയറിൽ തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതിക പിഴവുകൾ കാരണം കുട്ടികളുടെ പരീക്ഷ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ പറ്റാത്തതാണ് നവംബറിൽ നടക്കേണ്ട പരീക്ഷകൾ രണ്ടുതവണ മാറ്റിവെച്ച് ഡിസംബറിലേക്ക് നീണ്ടത്. എം.കെ.സി.എൽ വഴിയുള്ള കെ-റീപ് നടപ്പാക്കിയതോടെ അധ്യാപകരും വിദ്യാർഥികളും നിരന്തരമായ സാങ്കേതിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദവും നേരിടുന്ന സാഹചര്യമാണുള്ളത്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് പരീക്ഷ സമയക്രമമെന്നും ജി.സി.ടി.ഒ പറഞ്ഞു.
സാധാരണ സർവകലാശാല പരീക്ഷകൾക്ക് ഒരു ദിവസം ഇടവേള നൽകിയാണ് ടൈം ടേബിൾ തയാറാക്കാറുള്ളത്. എങ്കിലും ഇത്തവണ തിങ്കൾ, ബുധൻ, വെള്ളി മാതൃകക്ക് പകരം ഒരു കാരണവുമില്ലാതെയാണ് ചൊവ്വ, വ്യാഴം, ശനി ദിനങ്ങളിൽ പരീക്ഷ ടൈം ടേബിൾ തയാറാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ ആറിന് നടക്കുന്ന പരീക്ഷയിൽ ജി.സി.ടി.ഒ അധ്യാപകർ കോളജുകളിൽ ഹാജരാകില്ല.
നിസ്സഹകരണ സമരത്തിന് മുഴുവൻ കോളജ് അധ്യാപകരും പിന്തുണ നൽകണമെന്നും സോണൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. പി.എസ്. പ്രകാശ്, സെക്രട്ടറി ഡോ. സിന്ധു, ട്രഷറർ ഡോ. ബിനീഷ് ജോൺ, സർവകലാശാല സോണൽ കോഓഡിനേറ്റർ ഡോ. പി. രാജീവൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് അഷ്ഫാസ്, സംസ്ഥാന ജോ. സെക്രട്ടറി ഡോ. ഷിനിൽ ജെയിംസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

