കണ്ണൂർ ജില്ല സ്കൂൾ കലോത്സവം നാളെ മുതൽ തലശ്ശേരിയിൽ
text_fieldsതലശ്ശേരി: കൗമാര കലയുടെ മഹോത്സവമായ ജില്ല സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ തലശ്ശേരിയിൽ നടക്കും. നഗരത്തിലെ വിവിധ സ്കൂളുകളിലെ 18 വേദികളിലാണ് മത്സരങ്ങൾ. ബുധനാഴ്ച ഉച്ചക്ക് മൂന്നിന് തലശ്ശേരി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ രണ്ടാം വേദിയിൽ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. സുധാകരൻ എം.പി, എം.എൽ.എമാരായ കെ.കെ. ശൈലജ, എം. വിജിന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ മുഖ്യാതിഥികളാവും. ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, ബി.ഇ.എം.പി.എച്ച്.എസ്.എസ്, തലശ്ശേരി ഗവ. എൽ.പി, എം.എം.എച്ച്.എസ്.എസ്, വലിയമാടാവിൽ ഗവ. യു.പി, ചിറക്കര ജി.വി.എച്ച്.എസ്.എസ്, കുഞ്ഞാംപറമ്പ് യു.പി, ചിറക്കര ഗവ. അയ്യലത്ത് യു.പി, ചാലിൽ സെന്റ് പീറ്റേഴ്സ് യു.പി എന്നീ സ്കൂളുകളിലാണ് വേദികൾ. ആദ്യദിനമായ ചൊവ്വാഴ്ച സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിൽ രചന മത്സരങ്ങൾ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് ബ്രണ്ണൻ എച്ച്.എസ്.എസിൽ സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

