Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകളരി മ്യൂസിയം; നിർമാണം...

കളരി മ്യൂസിയം; നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
കളരി മ്യൂസിയം; നിർമാണം പുരോഗമിക്കുന്നു
cancel

തലശ്ശേരി: പൊന്ന്യം പുല്ലോടിയിൽ നിർമിക്കുന്ന കളരി മ്യൂസിയം കെട്ടിട നിർമാണം പുരോഗമിക്കുന്നു. വടക്കൻപാട്ടിലെ വീരചരിതം ഉറങ്ങുന്ന മണ്ണിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന മ്യൂസിയത്തിന്റെ പകുതിയോളം നിർമാണപ്രവൃത്തികൾ ഇതിനകം പൂർത്തിയായി.

കേന്ദ്രസർക്കാറിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി 98 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം നിർമിക്കുന്നത്. 543 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇരുനിലക്കെട്ടിടത്തിന്റെ പില്ലർ, ബീം നിർമാണങ്ങൾ പൂർത്തിയായി. ചുമർ നിർമാണം, തറയോട് പാകൽ, അകത്തളങ്ങളുടെ ക്രമീകരണം എന്നിവയാണ് ബാക്കിയുള്ളത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി മാർച്ചോടെ മ്യൂസിയം നാടിന് സമർപ്പിക്കുകയാണ്‌ ലക്ഷ്യം.

വടക്കൻ കേരളത്തിന്റെ ആയോധന പൈതൃകം ലോകത്തിന് മുന്നിലെത്തിക്കുകയാണ് കളരി മ്യൂസിയം വഴി ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തിന് മാതൃകയാണ് ഈ പദ്ധതി. മ്യൂസിയത്തിന് ആവശ്യമായ 57.20 സെന്റ് സ്ഥലം വാങ്ങിയത് പാനൂർ ബ്ലോക്ക് പഞ്ചായത്ത് നൽകിയ 30 ലക്ഷം രൂപയും നാട്ടുകാരിൽനിന്ന് സമാഹരിച്ച 75 ലക്ഷം രൂപയും ചേർത്താണ്. ഇതിൽ 38 സെന്റ് സ്ഥലം പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും 19.2 സെന്റ് കതിരൂർ പഞ്ചായത്തിന്റെയും ഉടമസ്ഥതയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ മ്യൂസിയം, ആയോധനകലാ പരിശീലനകേന്ദ്രം, ഉഴിച്ചിൽ കേന്ദ്രം, കളരി ചികിത്സ സംവിധാനങ്ങൾ എന്നിവ കെട്ടിടത്തിൽ സജ്ജമാവും. ഇതിന് പുറമെ, രണ്ടാംഘട്ട വികസനത്തിനായി മ്യൂസിയത്തോട് ചേർന്ന് കുഴിക്കളരി നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ എട്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

നാടിന് തൊഴിലും വികസനവും

കളരി മ്യൂസിയം യാഥാർഥ്യമാകുന്നതോടെ പ്രദേശം കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും. തൊഴിൽ സാധ്യതകൾ വർധിക്കുകയും ചെയ്യും. വ്യത്യസ്ത സമ്പ്രദായങ്ങളുള്ള കളരികേന്ദ്രം എന്ന നിലയിൽ വിദേശത്തുനിന്നടക്കം ആളുകൾ വന്ന് പഠിക്കുന്ന സാഹചര്യമുണ്ടാകും. അതുവഴി സ്വദേശികൾക്ക് അനുബന്ധമായിട്ടുള്ള തൊഴിൽ സാധ്യതകളും വർധിക്കും.

അങ്കത്തിന് ഇന്ന് തുടക്കം

പൈതൃകസ്മരണ പുതുക്കി ഈ വർഷത്തെ പൊന്ന്യത്തങ്കത്തിന് തിങ്കളാഴ്ച തിരി തെളിയും. അങ്കം 22 വരെ നീളും. തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും ഏറ്റുമുട്ടിയ ചരിത്രപ്രസിദ്ധമായ പൊന്ന്യത്തങ്കത്തിന്റെ ഓർമക്കായി കതിരൂർ പഞ്ചായത്ത്, പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാല, കേരള ഫോക്‌ലോർ അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. വിദേശത്തിൽ നിന്നടക്കമുള്ള ഇരുപതിലധികം കളരി സംഘങ്ങൾ അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newskalarimuseums
News Summary - Kalari Museum; Construction in progress
Next Story