കോടികളുടെ നിക്ഷേപ തട്ടിപ്പ്; വ്യാപാരി സഹകരണ സംഘത്തിൽ പൊലീസ് പരിശോധന
text_fieldsതലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ഓഫിസിൽ പൊലീസ് പരിശോധന നടത്തുന്നു
തലശ്ശേരി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് അരങ്ങേറിയ നഗരമധ്യത്തിലെ സഹകരണ സ്ഥാപനത്തിൽ പൊലീസ് പരിശോധന. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റിന്റെ അധീനതയിലുള്ള ഒ.വി റോഡിലെ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ഓഫിസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് തലശ്ശേരി എസ്.ഐ കെ. അശ്വതിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പരിശോധന നടത്തിയത്. ഓഫിസ് ഒരു മാസമായി അടച്ചിട്ട നിലയിലായിരുന്നു. പൊലീസ് പരിശോധന ഭാരവാഹികൾ അറിഞ്ഞിരുന്നെങ്കിലും അവർ മാറിനിൽക്കുകയായിരുന്നു. പൂട്ട് തകർത്താണ് പൊലീസ് ഓഫീസിൽ കയറിയത്. പരിശോധനയിൽ കണ്ടെത്തിയ ഏതാനും ബോണ്ടുകളും ഫയലുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഫിസിലെ ലോക്കർ തുറന്നിട്ട നിലയിലായിരുന്നു. ഫയലുകളും മറ്റ് രേഖകളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. സി.സി.ടി.വി കാമറകളും നിശ്ചലമായിരുന്നു. കാമറയുടെ ഹാർഡ് ഡിസ്ക് കാണാനില്ല. അമിത പലിശ വാഗ്ദാനം ചെയ്ത് നടത്തിയ നിക്ഷേപത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കരയിലെ സുജാലയത്തിൽ കെ.സി. ജ്യോജീഷ് (41) ജൂൺ 26 മുതൽ അപ്രത്യക്ഷനായിരുന്നു. നിക്ഷേപകരിൽ നിന്ന് ലഭിച്ച പരാതികൾക്കൊടുവിൽ ദിവസങ്ങൾക്ക് മുമ്പ് രാമേശ്വരത്ത് നിന്ന് തലശ്ശേരി പൊലീസ് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ശേഷം ജ്യോജീഷ് റിമാൻഡിലാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഒന്നും കൃത്യമായി ഓർമയില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇയാളുടെ കൈയിലുണ്ടായ ബാഗിൽ ഒരു ലാപ് ടോപ് മാത്രമാണുണ്ടായത്.
തെളിവെടുപ്പിനായി ജ്യോജീഷിനെ തിങ്കളാഴ്ച തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. എന്നാൽ, കസ്റ്റഡിയിൽ വാങ്ങിയ ജ്യോജീഷിന് ഉയർന്ന രക്തസമ്മർദം അനുഭവപ്പെട്ടതിനെ തുടർന്ന് തെളിവെടുപ്പ് നടത്താനായില്ല. ജ്യോജീഷ് ഇല്ലാതെയാണ് പൊലീസ് ചൊവ്വാഴ്ച സംഘം ഓഫിസിൽ പരിശോധന നടത്തിയത്. ഒരു പഴയ ലാപ് ടോപ്, ബോണ്ട് പേപ്പറുകൾ, ലഡ്ജറുകൾ, ഏതാനും ഫയലുകൾ, റസീറ്റു പുസ്തകങ്ങൾ മാത്രമാണ് പെലീസിന് ലഭിച്ചത്. ഏതാണ്ട് നാലര കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സ്ഥാപനത്തിൽ നടന്നതായാണ് പ്രാഥമിക വിവരം.
പത്തിലേറെ പേർ പരാതികളുമായി പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും ആറ് പരാതികളിൽ മാത്രമേ കേസെടുത്തിട്ടുള്ളൂ. ഇതിനിടെ, നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ ഞങ്ങൾക്ക് അറിവില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ വിശദീകരണം. അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ വാങ്ങിയതും സൂക്ഷിച്ചതുമെല്ലാം സംഘം സെക്രട്ടറിയായ ജ്യോജീഷാണെന്നും ഭാരവാഹികൾ പറയുന്നു. സഹകരണ നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 2020 ന് ശേഷം ഓഡിറ്റിങ് നടന്നിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതും തട്ടിപ്പിന് കൂടുതൽ കളമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

