ജനറൽ ആശുപത്രി കെട്ടിടം തകർച്ചയിൽ; ഭീതിയോടെ രോഗികൾ
text_fields
തലശ്ശേരി ജനറൽ ആശുപത്രി കെട്ടിടത്തിലെ സീലിങ് അടർന്നനിലയിൽ
തലശ്ശേരി: ഒരുഭാഗത്ത് നവീകരണം തകൃതിയിൽ നടക്കുമ്പോൾ മറുഭാഗത്ത് ഭീതിയുടെ നിഴൽ. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് ഈ കാഴ്ച. മലയോര മേഖലയിൽനിന്നടക്കമുള്ള സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ഈ ആതുരാലയത്തിന്റെ പരാധീനതകൾ വിട്ടൊഴിയുന്നില്ല. രോഗികളും പരിചരിക്കാനെത്തുന്നവരും ഭീതിയോടെയാണ് ആശുപത്രിയിൽ കഴിയുന്നത്. കാലപ്പഴക്കമേറെയുള്ള ആശുപത്രി കെട്ടിടത്തിന്റെ സീലിങ് അടർന്നുവീഴുന്നതാണ് ആളുകളെ ഭീതിയിലാക്കുന്നത്.
വിവിധ വാർഡുകളിലും ഇടനാഴികകളിലുമുള്ള സീലിങ് നിത്യവും അടർന്നുവീഴുകയാണ്. ഭാഗ്യംകൊണ്ട് മാത്രമാണ് പലപ്പോഴും വലിയ ദുരന്തം ഒഴിവാകുന്നത്. സിമന്റ് പാളികൾ അടർന്നുവീണ് പലർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും അപകടമുണ്ടായി. ആശുപത്രിയുടെ മേൽനോട്ടം തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ നഗരസഭ കനിയണം. വൈദ്യുതി ചാർജ് ഉൾപ്പെടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നഗരസഭക്ക് ഭാരിച്ച ചുമതലയുണ്ട്. അതിനാൽ, പെട്ടെന്ന് ചെയ്തുതീർക്കേണ്ട ജോലികൾക്ക് കാലതാമസം നേരിടുകയാണ്.
ആശുപത്രിയിൽ വികസന സമിതിയുണ്ടെങ്കിലും അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളൊന്നും യോഗങ്ങളിൽ ചർച്ച ചെയ്യപ്പെടാറില്ല. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും സന്ദർശനത്തിനെത്തുമ്പോൾ ഇതൊക്കെ ശ്രദ്ധയിൽപെടുത്താൻ ആശുപത്രി അധികൃതരും വലിയ താൽപര്യമെടുക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

