പലിശരഹിത സ്വർണ വായ്പയുടെ മറവിൽ തട്ടിപ്പ്; ഒരാൾ പിടിയിൽ
text_fieldsതലശ്ശേരി: പലിശരഹിത സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. വടക്കുമ്പാട് തോട്ടുമ്മൽ സ്വദേശി സി. മുഹമ്മദ് ഷിബിലിനെയാണ് (39) ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് ഇയാൾ.
തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം ഹാർബർ സിറ്റി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ വഞ്ചിച്ചത്. പ്രതികൾ പരാതിക്കാരിയെ സമീപിച്ച് ഒരുവർഷത്തേക്ക് പലിശരഹിതമായി സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച സ്വർണമോ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.
2,50,000 രൂപ വായ്പക്കായി 62.300 ഗ്രാം സ്വർണാഭരണങ്ങൾ പരാതിക്കാരിയിൽനിന്ന് കൈക്കലാക്കി. സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണമോ നൽകിയ പണമോ തിരികെ നൽകാത്തതിനെ തുടർന്ന് ധർമടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ. പ്രകാശൻ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 30 ഓളം കേസുകളുണ്ട്. ധർമടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ഹരിയുടെ നിർദേശ പ്രകാരം എസ്.ഐ ജെ. ഷജീം, എസ്.ഐ നിജേഷ്, സി.പി.ഒമാരായ സജിൻ, സോന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

