ഫിഷ് ലാൻഡിങ് സെന്ററുകൾ നവീകരിക്കും
text_fieldsതലശ്ശേരി: തീരദേശത്തെ വിവിധ പ്രശ്നങ്ങൾ ഉയർത്തി ജന പ്രതിനിധികൾ. മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകളിലെ ഫിഷ് ലാൻഡിങ് സെന്ററുകൾ നവീകരിക്കണമെന്നാണ് ഇതിലൊന്ന്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ധർമടം മണ്ഡലം തീര സദസ്സിന്റെ ഭാഗമായുള്ള ചർച്ചയിലാണ് വിവിധ ആവശ്യങ്ങളുയർന്നത്.
ഫിഷ് ലാൻഡിങ് സെന്ററുകൾ നവീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കാലപ്പഴക്കമേറെയുള്ള ധർമടം ഫിഷ് ലാൻഡിങ് സെന്റർ വൈദ്യുതീകരണം പൂർത്തിയാക്കിയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചും നവീകരിക്കണമെന്നായിരുന്നു ധർമടം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവിയുടെ ആവശ്യം.
മുഴപ്പിലങ്ങാട് തെറിമ്മൽ ഫിഷ് ലാൻഡിങ് സെന്റർ നവീകരിക്കണമെന്നും പാച്ചാക്കരയിൽ പുതിയ സെന്റർ അനുവദിക്കണമെന്നും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത പറഞ്ഞു.
അഞ്ചരക്കണ്ടി പുഴയുടെ അരിക് ഇടിഞ്ഞ് പ്രദേശത്ത് വെള്ളം കയറുന്ന പ്രശ്നമുണ്ടെന്ന് വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത ശ്രദ്ധയിൽപെടുത്തിയത് പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു.
തീരദേശ റോഡുകളുടെ നവീകരണവും സംരക്ഷണവും, പുഴ ഭിത്തി സംരക്ഷണം, മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിക്കൽ, കുടിവെള്ള ക്ഷാമം പരിഹരിക്കൽ, മത്സ്യ വിതരണ അനുബന്ധ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ തുടങ്ങിയ ആവശ്യങ്ങളാണ് ജനപ്രതിനിധികൾ പ്രധാനമായും ഉന്നയിച്ചത്. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, സബ് കലക്ടർ സന്ദീപ് കുമാർ, ഫിഷറീസ് വകുപ്പ് ജോ.ഡയറക്ടർ ഇഗ്നേഷ്യസ് മൻറോ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവർ പങ്കെടുത്തു.