അഗ്നിയെടുത്തത് അവരുടെ ജീവിതസമ്പാദ്യം
text_fieldsഎരഞ്ഞോളി കണ്ടിക്കലിലെ കത്തിയമർന്ന പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ
തലശ്ശേരി: തൊഴിലെടുത്ത് സ്വരുക്കൂട്ടിയ പണവും ജീവിത രേഖയുമെല്ലാം കത്തിയമർന്നതിന്റെ സങ്കടമായിരുന്നു ഓംപ്രകാശിന്റെയും സുമിത് പട്ടേലിന്റെയും മുഖത്ത്. നിമിഷ നേരത്തിൽ തീയാളിപ്പടർന്നപ്പോൾ അവരുടെ സമ്പാദ്യമെല്ലാം കത്തിയമരുകയായിരുന്നു. എരഞ്ഞോളി കണ്ടിക്കലിലെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റിൽ ശനിയാഴ്ച വൈകീട്ടുണ്ടായ അഗ്നിബാധയിൽ പ്രാണരക്ഷാർഥം അവർ ഓടിയിറങ്ങുകയായിരുന്നു.
പണം, മൊബൈൽ ഫോൺ, ആധാർ കാർഡ്, എ.ടി.എം കാർഡ് തുടങ്ങിയ രേഖകളെല്ലാം അഗ്നി വിഴുങ്ങി. ബിഹാറിലെ മധഹരി ജില്ലയിൽനിന്ന് ഒരുവർഷം മുമ്പ് തലശ്ശേരിയിലെത്തിയതാണ് ഓംപ്രകാശ്. വരുമാനത്തിൽനിന്ന് മിച്ചം പിടിച്ച് വീട്ടിലേക്കയക്കാൻ കരുതിവെച്ച പണവും നാട്ടിലേക്കുള്ള മടക്കയാത്രക്ക് അനിവാര്യമായ ആധാർ കാർഡും എ.ടി.എം കാർഡുമെല്ലാം അഗ്നിക്കിരയായി. യു.പി സ്വദേശി സുമിത് പട്ടേലിന്റെ അവസ്ഥയും സമാനമാണ്.
പണിക്കിടയിൽ തീ പടരുന്നത് കണ്ടപ്പോൾ കൈയിലുണ്ടായിരുന്ന ഫോണും എടുക്കാൻ നിൽക്കാതെയാണ് ഇവർ ഓടിയത്. ഇനി എങ്ങോട്ട് പോകണം, ആരോട് ചോദിക്കണം എന്നറിയാതെ സങ്കടക്കടലിലാണ് തൊഴിലാളികൾ. സ്ഥലത്തെത്തിയ തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി തൊഴിലാളികളുമായി നേരിട്ട് സംസാരിച്ചു. രേഖകളും പണവും നഷ്ടപ്പെട്ട ഇവർക്ക് അടിയന്തര സഹായങ്ങളും താമസിക്കാനുള്ള സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബിഹാർ, യു.പി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

