പിറന്ന നാട്ടിൽ താരമെത്തി; മായാത്ത ഓർമകളുമായി
text_fieldsതലശ്ശേരി: പിറന്ന നാട്ടിൽ പഴയ ഓർമകളുമായി ചലച്ചിത്ര താരം ആശിഷ് വിദ്യാർഥി ജീവിത സഖിയുമായി ഓണമാഘോഷിക്കാനെത്തി. ധർമടം പാലയാട്ടെ തറവാട്ട് വീട്ടിലെത്തിയ താരം ഭാര്യയുമൊത്ത് മലയാളിത്തനിമയിൽ ബന്ധുക്കൾക്കൊപ്പം ഓണമാഘോഷിച്ചു. വെള്ളിത്തിരയിലെ വില്ലൻ കഥാപാത്രത്തെ കാണാൻ നാട്ടുകാരുമെത്തി.
ചിറക്കുനി അണ്ടലൂർ റോഡിലെ ചള്ളയിൽ വീട്ടിൽ പരേതനായ ടി.കെ. ഗോവിന്ദന്റെ മകനാണ് ആശിഷ്. കഥ ക് ഗുരുവായിരുന്ന ബംഗാളിയായ റീബ വിദ്യാർഥിയാണ് അമ്മ. ചള്ളയിൽ തറവാട്ട് വീട്ടിലിപ്പോൾ ഗോവിന്ദന്റെ സഹോദരിയുടെ മക്കൾ മാത്രമാണുള്ളത്.
അച്ഛന്റെ അടുത്ത സുഹൃത്തായ ബാലന്റെ മകൻ അബിയുമായി ഇപ്പോഴും ബന്ധം പുലർത്തുന്ന ആശിഷ് തിരുവോണ നാളിൽ ഭാര്യ രൂപാലി ബറുവയുമൊത്ത് അബിയുടെ വീട്ടിലാണ് ആദ്യമെത്തിയത്. ഇവിടെ പൂക്കളത്തിന് മുന്നിലിരുന്ന് ജീവിത സഖിയോടൊപ്പം ഫോട്ടോയുമെടുത്തു. 60കാരനായ ആശിഷ് വിദ്യാർഥിയുടെ ഭാര്യ രൂപാലി ബറുവ അസം സ്വദേശിയും ഫാഷൻ ഡിസൈനറുമാണ്.
മലയാളത്തിൽ 2003 ൽ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിൽ ഏറെ തിളങ്ങിയ ആശിഷ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന താരമായി. ബാച്ചിലർ പാർട്ടി, ഐജി, ചെസ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ വില്ലൻ വേഷം ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ബംഗാളി, ഇംഗ്ലിഷ്, ഒഡിയ ഉൾപ്പെടെ 11 ഭാഷകളിലായി 300 ൽ അധികം സിനിമകളിൽ അഭിനയിച്ചു.
1995 ൽ മികച്ച സഹനടനുള്ള ദേശീയ അംഗീകാരം നേടിയിരുന്നു. നാട്ടിലെത്തിയ താരവും പത്നിയും അണ്ടല്ലൂർ കാവിലെത്തി ദൈവങ്ങളെ വണങ്ങി അനുഗ്രഹം വാങ്ങി. ധർമടം ബീച്ചിലും കറങ്ങി. ഓണവും ചതയവും ആഘോഷിച്ചായിരുന്നു മടക്കയാത്ര.