സ്ലോട്ട് ലഭിച്ചിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തിയില്ല; പ്രതിഷേധം
text_fieldsസ്ലോട്ട് ലഭിച്ചിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്താത്തതിൽ തലശ്ശേരിയിൽ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനെതിരെ പ്രതിഷേധിക്കുന്നവർ
തലശ്ശേരി: ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ച് മാസങ്ങളോളം കാത്തിരുന്നെത്തിയവരെ ടെസ്റ്റ് നടത്താതെ തിരിച്ചയച്ചെന്ന് ആരോപിച്ച് തലശ്ശേരി മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്ട്ടുമെന്റിനെതിരെ വ്യാപക പ്രതിഷേധം.
പ്രതിദിനം 80 പേര്‍ക്കാണ് ടെസ്റ്റ് നടത്താന്‍ അനുമതിയുള്ളതെന്നിരിക്കെ 86 പേര്‍ക്ക് സ്ലോട്ട് നല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ സ്ത്രീകളും വിദ്യാര്‍ഥികളും ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലിക്ക് അവധി എടുത്തെത്തിയവരുമാണ് അധികൃതരുടെ നിലപാടില്‍ വലഞ്ഞത്.
സംഭവത്തെക്കുറിച്ച് പരാതി നല്കാന് ശ്രമിച്ചവരോട് ചില ഉദ്യോഗസ്ഥര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും ആക്ഷേപമുയർന്നു. പരാതി എഴുതി നല്കാന് ശ്രമിച്ചെങ്കിലും അത് വാങ്ങാന്‍ അധികൃതര്‍ തയാറായില്ലെന്നും വേണമെങ്കില്‍ മുകളിലേക്ക് പരാതിപ്പെട്ടോളൂ എന്ന മറുപടിയാണ് ലഭിച്ചതെന്നും ടെസ്റ്റിന് എത്തിയവർ പറഞ്ഞു.
മൂന്നും നാലും മാസം കാത്തിരുന്നാണ് പലര്‍ക്കും ടെസ്റ്റിന് തീയതി ലഭിക്കുന്നത്. തലശ്ശേരി പോലുള്ള വലിയൊരു ഏരിയയില്‍ സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇതിനായി അഡീഷനലായി എം.വി.ഐയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ നിവേദനം നല്‍കിയിരുന്നതായി ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും സമാനമായ പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ വേണമെന്നാണ് ലൈസന്‍സിനായി എത്തിയവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

