വെള്ളംകുടി മുട്ടുമോ? പൊന്ന്യം പാലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsപൊന്ന്യം പാലം റോഡിൽ പൈപ്പു പൊട്ടി ശുദ്ധജലം റോഡരികിൽ തളംകെട്ടിയ നിലയിൽ
തലശ്ശേരി: അധികൃതരോട് പരാതി പറഞ്ഞു മടുത്തു. ഇതിനൊരു ശാശ്വതപരിഹാരം എന്നാണാവോ...? നാട്ടുകാർക്കുള്ള കുടിവെള്ളം ദിവസവും റോഡരികിലൂടെ പാഴാവുന്നത് സംബന്ധിച്ച് പൊന്ന്യം പാലം പ്രദേശത്തുകാരുടെ സങ്കടമാണിത്. വെള്ളമൊഴുകുന്നത് തടയാൻ ഉത്തരവാദപ്പെട്ടവർ ആരും ഇവിടെയില്ലേ,പൊന്ന്യം പാലം റോഡിലെ പി.എം മുക്കിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് ശുദ്ധജലം റോഡിലൂടെ പാഴാകാൻ തുടങ്ങിയിട്ട് ആറു മാസത്തിലേറെയായി.
ഇക്കാര്യം അതോറിറ്റിയുടെ തലശ്ശേരി ഓഫിസിൽ ഉത്തരവാദപ്പെട്ടവരെ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ രണ്ടുതവണ ജീവനക്കാർ വന്ന് സ്ഥലം സന്ദർശിച്ചെങ്കിലും തകരാർ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പി.ഡബ്ല്യു.ഡി നിർമിച്ച ഓവുചാലിന് അടിയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നതെന്നും അതുകൊണ്ട് പൊതുമരാമത്ത് വകുപ്പിെൻറ അനുമതിയില്ലാതെ സ്ലാബുകൾ മാറ്റി കുത്തിപ്പൊളിച്ച് പരിശോധിക്കാൻ സാധ്യമല്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. 'ശുദ്ധജലം അമൂല്യമാണ്, അത് പാഴാക്കരുതെന്ന്' വാട്ടർ അതോറിറ്റി തന്നെ പോസ്റ്ററുകളിലൂടെയും മറ്റും മുന്നറിയിപ്പ് നൽകുമ്പോൾ ഇവിടെ ആയിരക്കണക്കിനു ലിറ്റർ വെള്ളമാണ് ദിവസവും റോഡിലൂടെ പാഴാകുന്നത്. ശുദ്ധജലം റോഡിൽ ഒഴുകുന്നതു കാരണം പരിസരവാസികളും വ്യാപാരികളും യാത്രക്കാരും ഒരുപോലെ പ്രയാസത്തിലാണ്. വാഹനങ്ങൾ ചീറിപ്പായുമ്പോൾ വെള്ളം കൊണ്ട് അഭിഷേകമാണ്. ജല അതോറിറ്റിയുടെ അനങ്ങാപ്പാറ നയം മാറ്റി കുടിവെള്ളം പാഴാവുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

