തലശ്ശേരിയിലെ ഇരട്ടക്കൊല; മൂന്നു പ്രതികളുടെ ജാമ്യഹരജി ഇന്ന് കോടതിയിൽ
text_fieldsതലശ്ശേരി: ലഹരിസംഘത്തെ ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിൽ സി.പി.എം പ്രവർത്തകരായ നിട്ടൂർ ഇല്ലിക്കുന്നിലെ ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവ് പൂവനാഴി ഷമീർ (40) എന്നിവരെ കുത്തിക്കൊന്ന കേസിൽ മൂന്ന് പ്രതികളുടെ ജാമ്യഹരജി ബുധനാഴ്ച ജില്ല സെഷൻസ് കോടതിയിൽ പരിഗണിക്കും.
അഞ്ച് മുതൽ ഏഴുവരെ പ്രതികളായ പിണറായി പടന്നക്കര വാഴയിൽ ഹൗസിൽ സുജിത് കുമാർ (45), വടക്കുമ്പാട് പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരാണ് ജാമ്യഹരജി സമർപ്പിച്ചത്.
നവംബർ 23ന് വൈകീട്ട് തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിലാണ് ലഹരിമാഫിയ സംഘം രണ്ടുപേരെയും കുത്തിക്കൊന്നത്. നിട്ടൂർ ചിറക്കക്കാവ് വെള്ളാടത്ത് ഹൗസിൽ സുരേഷ് ബാബു എന്ന പാറായി ബാബു (47), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ മുഹമ്മദ് ഫർഹാൻ (29), നെട്ടൂർ ചിറക്കക്കാവിനടുത്ത മുട്ടങ്കൽ ഹൗസിൽ ജാക്സൺ വിൻസന്റ് (28), വടക്കുമ്പാട് നമ്പ്യാർപീടിക വണ്ണാത്താൻവീട്ടിൽ കെ. നവീൻ (32) എന്നിവരാണ് മറ്റു പ്രതികൾ.
ലഹരിസംഘത്തെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകൻ ഷബീലിനെ (20) നെട്ടൂർ ചിറക്കക്കാവിനടുത്ത് ആക്രമിച്ചിരുന്നു. പരിക്കേറ്റ മകനെ കാണാൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിയ ഷമീറിനെയും ഭാര്യാസഹോദരൻ കെ. ഖാലിദിനെയും റോഡിലേക്ക് വിളിച്ചിറക്കിയാണ് കുത്തിക്കൊന്നത്. നിട്ടൂർ സാറാസിൽ ഷാനിബിനും (29) പരിക്കേറ്റിരുന്നു. പാറായി ബാബുവാണ് കേസിലെ ഒന്നാം പ്രതി. കൊലപാതകം നടന്നതിന്റെ പിറ്റേന്നുതന്നെ അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

